കറുത്തനിറമുള്ള ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റില്‍

ഭോപ്പാല്‍: കറുത്ത നിറമുള്ള ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കുറ്റത്തിന് ഭാര്യയും കാമുകനും അറസ്റ്റില്‍. സുഗന്ധ വ്യഞ്ജന വ്യാപാരിയായ പുരോഹിത് ദേവ്കൃഷ്ണ(28) യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ പ്രിയങ്ക പുരോഹിത്തി(25) നേയും കാമുകന്‍ കമലേഷ് പുരോഹിതി(32)നേയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ ഏഴിനാണ് ഭോപ്പാലിലെ വീട്ടില്‍ പുരോഹിത് ദേവ്കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ തന്നെ കെട്ടിയിട്ടശേഷം 3.5 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞുവെന്നും മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ദേവ്കൃഷ്ണ കൊല്ലപ്പെട്ടുവെന്നുമാണ് പ്രിയങ്ക ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

ഭര്‍ത്താവിനെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് നിരവധി തവണ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഒന്നിലധികം തവണ മൊഴികള്‍ മാറ്റിയതോടെയാണ് അന്വേഷണ സംഘത്തിന് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രിയങ്കയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചു. പരിശോധനയില്‍ രാജ്ഗഢിലെ 32 കാരനായ കമലേഷ് പുരോഹിതുമായി പ്രിയങ്ക നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി.

തുടര്‍ന്ന് പ്രിയങ്കയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കമലേഷിനൊപ്പം ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ദേവകൃഷ്ണയുടെ മരണത്തിലെത്തിയതെന്ന് പ്രിയങ്ക തുറന്നുപറഞ്ഞു. ദേവ് കൃഷ്ണയുമായുള്ള വിവാഹ ജീവിതം കാമുകനൊപ്പമുള്ള ജീവിതത്തിന് തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. കൊലപാതകം നടത്താന്‍ സുരേന്ദ്ര ഭാട്ടി എന്ന കൊലയാളിയെ ഒരു ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കി കരാര്‍ ഉറപ്പിക്കുകയും ചെയ്തു. ഇതില്‍ 50,000 രൂപ മുന്‍കൂറായി നല്‍കി.

ഏപ്രില്‍ ഏഴിന് രാത്രി കൊലപാതകം ആസൂത്രണം ചെയ്തു. കൊലയാളിക്ക് കടന്നുവരാന്‍ പ്രിയങ്ക വീടിന്റെ വാതില്‍ തുറന്ന് കൊടുത്തു. ഇതുവഴി അകത്തുകടന്ന സുരേന്ദ്ര ഭാട്ടി മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ് കൃഷ്ണയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊലയാളി പുറത്തുകടന്നശേഷമാണ് ഭര്‍ത്താവിന്റെ മരണം വീട്ടുകാരെ അറിയിക്കുന്നത്. കൊലയാളിയായ സുരേന്ദ്ര ഭാട്ടി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

പ്രിയങ്ക ദേവ് കൃഷ്ണയെ നിറത്തിന്റെ പേരില്‍ പലപ്പോഴും പരിഹസിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കറുത്ത നിറമുള്ള ദേവ് കൃഷ്ണ തനിക്ക് ചേരില്ലെന്ന് പറഞ്ഞ് അപമാനിതനാക്കുന്നത് പ്രിയങ്കയുടെ പതിവാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഭാര്യയുടെ അപമാനം സഹിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ദേവ് കൃഷ്ണ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page