വിജയ്യുടെ ‘ജനനായകന്‍’ സിനിമ ചോര്‍ന്നു; എച്ച് ഡി പതിപ്പും പുറത്ത്

ചെന്നൈ: തമിഴ് നടന്‍ വിജയ് യുടെ റിലീസ് ചെയ്യാനിരിക്കുന്ന ജനനായകന്‍ ചിത്രത്തിന്റെ കോപ്പികള്‍ ചോര്‍ന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തിയ വിജയ് യുടെ അവസാന ചിത്രമെന്ന നിലയില്‍ വന്‍ പ്രാധാന്യം നേടിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നിയമ കുരുക്കുകളെ തുടര്‍ന്ന് റിലീസ് ചെയ്യാനാകാതെ കിടക്കുകയാണ്. അതിനിടെയാണ് ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പുറത്തായത്. ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റ്‌സും വിജയ്യുടെ ഇന്‍ട്രോയുമടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം ചോര്‍ന്നത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച് ഡി പതിപ്പും പുറത്തായി.

സിനിമയുടെ എഡിറ്റിങ് ടേബിളില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എക്‌സില്‍ നിന്നു വിഡിയോയുടെ ഭാഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ദൃശ്യങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരാധകര്‍ പറയുന്നു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ ആരും പങ്കിടരുതെന്നും അങ്ങനെ ചെയ്താല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ ഔദ്യോഗിക റീമേക്ക് ആണ് ജനനായകന്‍.

വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കയ്യില്‍ പച്ച കുത്തിയിരുന്നു. ഈ ദൃശ്യം പുറത്തായ ക്ലിപ്പുകളില്‍ കാണുന്നുണ്ട്. വിജയ് നായകനായ മെര്‍സല്‍, തെരി തുടങ്ങിയ നിരവധി സിനിമകളും റിലീസ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. എന്നാല്‍ റിലീസിനു മുമ്പേ ഒരു വിജയ് ചിത്രം ലീക്ക് ആയി പുറത്തു വരുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ ജനുവരി ഒമ്പതിനായിരുന്നു ജനനായകന്‍ തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി. ജനനായകന്റെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഈ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് ഇതുവരെയും നല്‍കിയില്ലെന്ന ആക്ഷേപമുണ്ട്. നിലവില്‍ സിബിഎഫ്‌സി റിവൈസിങ് കമ്മിറ്റിയുടെ പരിഗണനയിലാണ് ചിത്രം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page