കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിന് മൂന്നു ജീവ പര്യന്തം തടവ് ശിക്ഷ. കരിവെള്ളൂര്‍ കോട്ടൂര്‍, പെരളത്തെ കെ രാജേഷിനെതിരെയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് ശിക്ഷ വിധിച്ചത്. കരിവെള്ളൂര്‍ പലിയേരി, കൊവ്വലിലെ പി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 2024 നവംബര്‍ 21ന് ആണ് ദിവ്യശ്രീ അതിക്രൂരമായി കൊല്ലപ്പെട്ടത്. ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനായുള്ള ഒരുക്കത്തിനിടയില്‍ എത്തിയ രാജേഷ് വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊന്നുവെന്നാണ് കേസ്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നു.







