പി പി ചെറിയാൻ
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ നീക്കം ആരംഭിച്ചു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഏജൻസിയുടെ എല്ലാ വിശകലന പ്ലാറ്റ്‌ഫോമുകളിലും എ ഐ ‘സഹപ്രവർത്തകരെ’ ഉൾപ്പെടുത്തുമെന്ന് സിഐഎ ഡെപ്യൂട്ടി ഡയറക്ടർ മൈക്കൽ എലിസ് അറിയിച്ചു.
മനുഷ്യരായ ചാരന്മാർ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് സ്വയം പ്രവർത്തിക്കുന്ന ആദ്യത്തെ ഇന്റലിജൻസ് റിപ്പോർട്ട് സിഐഎ അടുത്തിടെ തയ്യാറാക്കിയിരുന്നു.
വിവരങ്ങളിലെ ട്രെൻഡുകൾ കണ്ടെത്താനും നിഗമനങ്ങളിൽ എത്താനും എ ഐ സഹായിക്കും. ഇത് ചാരസംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കും.
ജനറേറ്റീവ് എ ഐ -യുടെ അതീവ രഹസ്യ സ്വഭാവമുള്ള പതിപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. എങ്കിലും അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് മനുഷ്യർ തന്നെയായിരിക്കുമെന്ന് മൈക്കൽ എലിസ് വ്യക്തമാക്കി.
സാങ്കേതിക വിദ്യയിൽ ചൈന അമേരിക്കയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് സിഐഎയുടെ ഈ നിർണ്ണായക നീക്കം.കഴിഞ്ഞ വർഷം മാത്രം ഡാറ്റാ പ്രോസസ്സിംഗ്, വിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട 300-ഓളം എ ഐ പ്രോജക്റ്റുകൾ സിഐഎ പരീക്ഷിച്ചിരുന്നു. ആധുനിക യുദ്ധതന്ത്രങ്ങളിലും രഹസ്യാന്വേഷണത്തിലും സാങ്കേതിക മുൻതൂക്കം നിലനിർത്തുകയാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്.







