കേരളത്തില്‍ കനത്ത പോളിംഗ്; അവകാശവാദങ്ങളുമായി നേതാക്കള്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നഗര ഗ്രാമ വ്യത്യാസങ്ങളേതുമില്ലാതെ കനത്ത പോളിംഗ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചിലയിടങ്ങളില്‍ യന്ത്ര തകരാര്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ആദ്യ മണിക്കൂറുകളിലെ സ്ഥിതി തുടരുകയാണെങ്കില്‍ കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.
പോളിംഗ് ആരംഭിച്ചതിനു ശേഷവും വിജയ- പരാജയങ്ങളെ കുറിച്ച് യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി നേതാക്കള്‍ അവകാശവാദങ്ങള്‍ തുടരുകയാണ്. വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മൂന്നാം ഊഴത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
100ല്‍ അധികം സീറ്റു നേടി യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ പിണറായി വിജയന് അധികാരം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി പറഞ്ഞു. എല്‍ ഡി എഫിനു അനുകൂല വിധി ഉണ്ടാകുമെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടത്.
സംസ്ഥാനത്ത് ബി ജെ പി ക്ലച്ച് പിടിക്കില്ലെന്നു മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടപ്പോള്‍, ബി ജെ പി സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നാലു താമരകള്‍ വിരിയുമെന്നു കരമന ജയനും ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസും സംസ്ഥാനത്ത് യു ഡി എഫ് അനുകൂല കാറ്റാണെന്നു രമേശ് പിഷാരടിയും അവകാശപ്പെട്ടു. മികച്ച വിജയം നേടുമെന്നു അമ്പലപ്പുഴയിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍ പറഞ്ഞു. നേമത്ത് ആശങ്ക ഇല്ലെന്നു മന്ത്രി ശിവന്‍ കുട്ടിയും ജനാധിപത്യം ജയിക്കട്ടെയെന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും പറഞ്ഞു.
ബി ജെ പി സര്‍പ്രൈസ് വിജയം നേടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞപ്പോള്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് തങ്ങൾ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page