ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ബെംഗളൂരു: ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്ന കേസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് സെല്‍വ ബാലമുരുകനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കൊലപാതകം മാസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തതാണെന്ന് കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നു. ബാങ്ക് ജീവനക്കാരിയായ 39 കാരിയായ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ബാലമുരുകന്‍ യുവതിയുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ച് വരികയായിരുന്നു. തുടക്കത്തില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്‌നാട്ടില്‍ നിന്ന് 1.5 ലക്ഷം രൂപയ്ക്ക് വാടക കൊലയാളികളെ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അതില്‍ നിന്ന് പിന്മാറി.

പിന്നീട് കൊലപാതകം നടത്തുന്നതിനായി ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള ഒരു ഷൂട്ടിംഗ് അക്കാദമിയില്‍ ഇയാള്‍ പരിശീലനം നേടിയിരുന്നതായി പൊലീസ് പറയുന്നു. പ്രതി സെല്‍വ ബാലമുരുകന്‍ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഷൂട്ടിംഗ് പരിശീലനം നേടിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വെടിവച്ച് കൊലപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കുത്തിക്കൊലപ്പെടുത്താനായി ഒരു മാസം മുമ്പ് തന്നെ ഇയാള്‍ ഒരു കത്തി വാങ്ങി വച്ചിരുന്നതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

ബാലമുരുകനും കേസിലെ മറ്റ് പ്രതികളായ മൗലീഷ് കുമാര്‍, പെരിയസ്വാമി, രാഹുല്‍, ഹരി, സൂര്യ എന്നിവര്‍ മജെസ്റ്റിക്കിലെ ഒരു ലോഡ്ജില്‍ കൂടിക്കാഴ്ച നടത്തുകയും ഭുവനേശ്വരിയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. കൊലപാതകം നടത്താന്‍ ബാലമുരുകന്‍ ബിഹാറിലെത്തി 80,000 രൂപയ്ക്ക് രണ്ട് പിസ്റ്റളുകള്‍ വാങ്ങി. സംശയം തോന്നാതിരിക്കാന്‍ ഒരു പിസ്റ്റള്‍ കൂട്ടുപ്രതിക്ക് നല്‍കി. ഇയാള്‍ അത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതായും പൊലീസ് കണ്ടെത്തി.

2025 ഡിസംബര്‍ 23 നാണ് മാഗഡിക്ക് സമീപത്തുവച്ച് ഭാര്യ ഭുവനേശ്വരിയെ ബാലമുരുകന്‍ കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇയാള്‍ ആയുധം അടക്കം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവ് സെല്‍വ ബാലമുരുകന്‍, കൂട്ടാളികളായ അഭിമന്യു സിംഗ്, മൗലേഷ് കുമാര്‍, പെരിയസ്വാമി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ രാഹുല്‍, ഹരീഷ്, സൂര്യ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. എല്ലാ പ്രതികള്‍ക്കുമെതിരെ 495 പേജുള്ള കുറ്റപത്രം എസിഎംഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായിരുന്നു കൊലപാതകത്തിന് കാരണം. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു കൊലപാതകം. ഒന്നരവര്‍ഷത്തോളം പിരിഞ്ഞുകഴിഞ്ഞ ശേഷമായിരുന്നു ഭുവനേശ്വരി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2011ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page