തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഡാന്‍സും, റാപ്പും; അടിപൊളി ചുവടുമായി രത്തന്‍ കേല്‍ക്കറും കലക്ടര്‍മാരും; ദൃശ്യങ്ങള്‍ വൈറല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവാക്കളെ ബോധവല്‍കരിക്കുന്നതിന് വേണ്ടി ഒരുക്കിയ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം ചുവടുവച്ചത്. വീഡിയോ ഗാനം നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കൊച്ചിയില്‍ പുറത്തിറക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനം ഒരുക്കിയത്. പുതുതലമുറയെ ആകര്‍ഷിക്കാന്‍ റാപ്പ് മാതൃകയിലാണ് ഗാനം ഒരുക്കിയിട്ടുള്ളത്. വോട്ട് അവകാശമാണെന്നും വോട്ടിലൂടെയാണ് നാട് ഉയരുന്നതെന്നുമുള്ള സന്ദേശം വോട്ട് പാട്ടിലൂടെ നല്‍കുന്നുണ്ട്. രത്തന്‍ കേല്‍ക്കറുടെയും സംഘത്തിന്റെയും മനോഹരമായ ചുവടുകളാണ് വിഡിയോയുടെ ഹൈലൈറ്റ്.

തിരുവനന്തപുരം ജില്ലാ കലക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരെല്ലാം കേല്‍ക്കറിനൊപ്പം ചുവടുവയ്ക്കുന്നുണ്ട്. ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ‘ഇത് നിന്റെ വോട്ടാണ്, നമ്മുടെ നാട്ടിന് വേണമീ വോട്ട്..’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം.

തെരഞ്ഞെടുപ്പ് വകുപ്പ് അണ്ടര്‍ സെക്രട്ടറി സരിന്‍ എസ്.എസ്, ബിഎല്‍ഒ സത്യഭാമ, അനഘ സജികുമാര്‍, മാനസ ആര്‍ബി, ദേവിക അനില്‍, ദീപ. എല്‍, അനീഷ് എം.എസ്, അഭിജിത്ത്, അശ്വിന്‍ എന്നിവരും നൃത്തസംഘത്തില്‍ ഉള്‍പ്പെടുന്നു. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലുടനീളം നിരവധി പ്രചാരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page