ഗ്യാരന്റിവര്‍ഷത്തിനപ്പുറം?

നാരായണന്‍ പേരിയ

നല്ലതുള്ളില്‍ നിനയ്ക്കേണം
നിനച്ചതുരചെയ്യണം
ഉരചെയ്തത് ചെയ്യേണം-(ബാലോപദേശം).

നല്ല കാര്യങ്ങള്‍ വേണം ചിന്തിക്കാന്‍; ചിന്തിച്ചത് തന്നെ പറയണം. പറഞ്ഞത് മാത്രമേ ചെയ്യാന്‍ പാടുള്ളൂ.
അതായത്, നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുകയും വേണം. ഒന്ന് ചിന്തിക്കുകയും മറ്റൊന്ന് പറയുകയും ഇതു രണ്ടുമല്ലാത്തത് ചെയ്യുകയും ചെയ്യുന്നത് ശരിയല്ല. മനുഷ്യന് ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടല്ലോ. അവ മറ്റൊന്നിനുപയോഗിക്കാന്‍ പാടില്ല. വിപരീത ഗതിയില്‍ ഉപയോഗിക്കാനുള്ളതല്ല ഇന്ദ്രിയങ്ങള്‍.
ഈ തത്വം എപ്പോഴും ഓര്‍ക്കണം, എല്ലാവരും. വിശേഷിച്ചും നമ്മുടെ രാഷ്ട്രീയക്കാര്‍. ജനാധിപത്യം എന്ന ഭരണക്രമം അംഗീകരിച്ചിട്ടുള്ള രാഷ്ട്രമാണല്ലോ ഇന്ത്യ എന്ന ഭാരതം. അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ളതല്ല ഈ ഭരണ സംവിധാനം നാം സ്വയം തിരഞ്ഞെടുത്തതും സ്വീകരിച്ചിട്ടുള്ളതുമാണ്. ഗ്രാമപഞ്ചായത്ത് മുതല്‍ ലോക്സഭ വരെ ജനങ്ങള്‍ തിരഞ്ഞെടുത്ത നിയോഗിക്കുന്നവരാണ് ഭരണം കൈയാളുന്നത.് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളാണ് ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനിറങ്ങുക. ഒരു പാര്‍ട്ടിയോടും പക്ഷപാതമില്ലാത്തവര്‍ക്കും മത്സരത്തിനിറങ്ങാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ട്. ഭൂരിപക്ഷം വോട്ടു നേടി ജയിച്ചാല്‍ ഏതെങ്കിലും ഒരംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടിയോടൊപ്പം ചേരാവുന്നതാണ്. ആ പാര്‍ട്ടിയുടെ സ്വതന്ത്രനായി അറിയപ്പെടും.

വോട്ടര്‍പട്ടികയില്‍ പേരുള്ള സമ്മതിദായകന് (വോട്ടര്‍ക്ക്) അഭിമതനായി തോന്നുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെടും. അധികാര സ്ഥാനത്തെത്തും. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള പ്രതിനിധികള്‍ ജനഹിതം നേടിയവര്‍.
തങ്ങള്‍ക്ക് അധികാരം കൈവന്നാല്‍ എന്തെല്ലാം ചെയ്യും എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുക. അതെല്ലാം അതേപടി നിര്‍വഹിക്കണം അധികാരത്തില്‍ എത്തിയാല്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കുക എന്നത് വിശ്വാസവഞ്ചനയല്ലാതെ മറ്റൊന്നുമല്ല. വാക്കു മാറുന്നവര്‍ക്ക് എതിരെ കേസ് ഫയല്‍ ചെയ്യാന്‍ കോടതിയില്‍ നിന്നും അനുകൂല വിധി നേടാന്‍ ജനങ്ങള്‍ക്ക് അവകാശവും അധികാരവും ഉണ്ടാകേണ്ടതല്ലേ? പക്ഷേ, ഇന്ത്യാ റിപ്പബ്ലിക്കില്‍ ആദ്യത്തെ തിരഞ്ഞെടുപ്പ് തൊട്ട് ഇന്നുവരെ- എത്രയോ തിരഞ്ഞെടുപ്പുകള്‍ നടന്നു -ആരും ഇപ്രകാരമൊരു നടപടി- നിയമാനുസൃതമായ നടപടി- ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടില്ല. അപ്രകാരം നടന്നതായി കേട്ടിട്ടില്ല.
അവകാശബോധം അശേഷം ഇല്ലാത്തവരാണോ നമ്മുടെ രാജ്യത്തെ പൗരന്മാര്‍? പൊതു താല്‍പര്യ ഹര്‍ജിയുമായി
കോടതികളിലേയ്ക്ക് കുതിക്കുന്ന നിയമജ്ഞരും ശ്രദ്ധിക്കാത്ത വിഷയം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവായി പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍- പത്രവാര്‍ത്തകള്‍ -കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്. പാര്‍ട്ടി അപ്രകാരം വാഗ്ദാനം നല്‍കിയിട്ടില്ല എന്ന് പറഞ്ഞ് നിഷേധിക്കുന്ന പക്ഷം തെളിവ് നല്‍കാന്‍ മാധ്യമങ്ങളെ ഹാജരാക്കാവുന്നതാണ്.

രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും (ഒറ്റയ്ക്ക് മത്സരിക്കുന്ന രീതിയല്ലല്ലോ കുറേക്കാലമായിട്ട്) നല്‍കുന്ന വാഗ്ദാനങ്ങള്‍: (മാധ്യമങ്ങള്‍ ആവര്‍ത്തിക്കുന്നത്). ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ ഭരിക്കും. (ജയിക്കുന്നത് ഭരിക്കാനാണ് അക്കാര്യം എടുത്തു പറയേണ്ടതില്ല) ജയിച്ച,് ഭരണം നടത്തുമ്പോള്‍ എന്തെല്ലാം ചെയ്യും? തങ്ങള്‍ക്ക് വോട്ട് ചെയ്തവര്‍ക്ക് എന്തെല്ലാം ലഭ്യമാക്കും? കേരളം ജയിക്കും യുഡിഎഫ് ഭരിക്കും. യുഡിഎഫ് ഭരിക്കുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ 6000 രൂപയാകും (അതായത് 3000 രൂപ വര്‍ദ്ധിക്കും). യുഡിഎഫിന്റെ ഇന്ദിരാഗ്യാരന്റി.

കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ പോക്കറ്റ് മണിയായി ലഭിക്കും. യുഡിഎഫിന്റെ സമ്മാനം ക്ഷേമപെന്‍ഷന്‍ കൂട്ടുന്നത് വനിതകളോടുള്ള ആദരവ.് ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം സംരംഭകത്വത്തിന്. ഇത് ഉമ്മന്‍ചാണ്ടി ഗ്യാരന്റി. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ നല്‍കും- ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന നിലയില്‍.
ഇതും ഇന്ദിരാ ഗ്യാരന്റി. ഓരോന്നും അറിയിക്കുമ്പോള്‍ ആവര്‍ത്തിക്കുന്നു. കേരളം ജയിക്കും. യുഡിഎഫ് ഭരിക്കും.

എന്‍ഡിഎയുടെ ഗ്യാരണ്ടി ഗ്യാരണ്ടി പട്ടിക പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത.് ഭാരതീയ ആരോഗ്യ സുരക്ഷാ കാര്‍ഡ് പ്രതിമാസ റീചാര്‍ജ് ഫീസ് 2500 രൂപ. ദരിദ്രകുടുംബങ്ങളിലെ സ്ത്രീകള്‍ക്ക.് ക്ഷേമപെന്‍ഷന്‍ പ്രതിമാസം 3000 രൂപ. അതും ദരിദ്ര വനിത കുടുംബങ്ങള്‍ക്ക്.
70 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കും പാചകവാതക ലഭ്യത പ്രതിസന്ധിയിലാണല്ലോ അന്താരാഷ്ട്രതലത്തില്‍ തന്നെ. എല്‍പിജി സിലിണ്ടര്‍ രണ്ടെണ്ണം സൗജന്യമായി നല്‍കുന്നു -ഓണത്തിനും ക്രിസ്മസിനും. ഓരോ വീട്ടിലേക്കും 20 ലിറ്റര്‍ കുടിവെള്ളം സൗജന്യം. അതിവേഗ റെയില്‍വേ- തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ. കേരളത്തില്‍ ആദ്യത്തെ എയിംസ് -(ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് )സ്ഥാപിക്കും. ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തും.

ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ ഭരിക്കും എന്ന് തന്നെ പ്രഖ്യാപിക്കുന്നു എല്‍ഡിഎഫും. ഭരണത്തുടര്‍ച്ച ഉറപ്പ് എന്ന പറയുന്നു. ഗ്യാരന്റി പ്പട്ടിക കണ്ടില്ല. 950 പദ്ധതികളാണ് പ്രകടനപ്രത്രികയില്‍ ഉള്ളത്.
ഇങ്ങനെ വാഗ്ദാന പെരുമഴ വര്‍ഷിക്കുമ്പോള്‍ സ്ത്രീകളും കോളേജ് വിദ്യാര്‍ത്ഥികളും വയോജനങ്ങളും അത് ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണാം.
തികച്ചും സാങ്കല്‍പ്പിക ദൃശ്യാവിഷ്‌കാരം; ചിത്രീകരണം എന്ന് ചെറിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടോ എന്ന് നോക്കിയിട്ട് കാണുന്നില്ല. ഇമ്മാതിരി മുന്നറിയിപ്പ് നല്‍കിയിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാം തികച്ചും ശരിയായിട്ടുള്ള പ്രഖ്യാപനങ്ങള്‍, വാഗ്ദാനങ്ങള്‍ -തന്നെ എന്ന് ഉറപ്പിക്കാം- ഗ്യാരന്റി. സൗജന്യ ബസ് യാത്രയും, പോക്കറ്റ് മണിയും കൂടിയ ക്ഷേമ പെന്‍ഷനും മറ്റും ഭാവിയില്‍.
കേരളത്തിലുണ്ടാകുന്ന സര്‍ക്കാര്‍ ലഭ്യമാക്കുക തന്നെ ചെയ്യും. ഇല്ലെങ്കിലോ? (അശുഭചിന്ത വേണ്ട. എങ്കിലും അങ്ങനെ ചിന്തിക്കാന്‍ മുന്‍കാല അനുഭവങ്ങള്‍ പ്രേരിപ്പിക്കുന്നു) വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാത്ത പക്ഷം വിശ്വാസവഞ്ചന കുറ്റം ചുമത്തി കേസ് ഫയല്‍ ചെയ്യാന്‍ സമ്മതി ദായകര്‍ തയ്യാറാകണം. മധുര വാഗ്ദാനങ്ങള്‍ നല്‍കി വ്യാമോഹിപ്പിക്കുന്നവര്‍ക്ക് ഒരുപാഠമാകണം. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായൊരു ഒരു ചരിത്രം സൃഷ്ടിക്കണം- ഗ്യാരന്റി അപ്രകാരമല്ലാതാകുമ്പോള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page