ഗെയിമിംഗ് ആപ്പില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട വിഷമം; യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍, മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി

കാസര്‍കോട്: ഗെയിമിംഗ് ആപ്പ് വഴി നിക്ഷേപിച്ച പണം നഷ്ടമായതില്‍ മനംനൊന്താണെന്ന് പറയുന്നു, യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയില്‍. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരം സ്വദേശിയായ 25 കാരനാണ് ആശുപത്രിയിലായത്. ഇയാളുടെ പരാതിയില്‍ കാസര്‍കോട് സ്വദേശിയായ അന്‍സാര്‍ എന്നയാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസറും കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. യുവാവ് ചെങ്കളയിലെ ഇ. കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 3 വരെയുള്ള ദിവസങ്ങളിൽ ഗെയിം ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കും എന്ന് വിശ്വസിപ്പിച്ച് ഗൂഗിള്‍ പേ വഴി 1,16,000 രൂപയും 19000 രൂപ സുഹൃത്ത് വഴി നേരിട്ട് കൈമാറുകയും ചെയ്തതായി യുവാവ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. 15000രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ അന്യായമായി കൈക്കലാക്കിയതായും മൊഴിയില്‍ പറഞ്ഞു. പണവും ഫോണും നഷ്ടപ്പെട്ട വിഷമത്തിലാണ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page