അവധിക്ക് നാട്ടിലെത്തിയ സൈനികനായ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റില്‍

മീററ്റ്: അവധിക്ക് നാട്ടിലെത്തിയ സൈനികനായ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയേയും കാമുകനേയും പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്. ബംഗാളില്‍ ജോലി ചെയ്തിരുന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ നൈന്‍ സിങ് (35) ആണ് കൊല്ലപ്പെട്ടത്. ധന്‍പുര്‍ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് 28ന് നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്.

നൈന്‍ സിങിന്റെ പിതാവ് ഗരീബ് ദാസ് നല്‍കിയ പരാതിയില്‍ ആദ്യം അയല്‍വാസികളായ നാലുപേരെ സംശയിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാങ്കേതിക, ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

ജവാന്റെ ഭാര്യ കോമള്‍ ദേവി (32) യുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പ്രദേശവാസിയും ഭര്‍ത്താവിന്റെ ബന്ധുവുമായ ഗുല്‍ഷനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇത് കേസില്‍ നിര്‍ണായകമായി. ഇരുവരും തമ്മിലുള്ള ബന്ധം അറിയാനിടയായ നൈന്‍ സിങ് ഭാര്യയെ താക്കീത് ചെയ്തിരുന്നു. പിന്നാലെ ഇക്കാര്യം പറഞ്ഞ് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഗുല്‍ഷനെ ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റം സമ്മതിച്ചു. കോമളിനും മറ്റ് മൂന്ന് കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്നാണ് നൈന്‍ സിങിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും കൊലപാതകം നടത്താന്‍ തോക്ക് വാങ്ങുന്നതിനായി കോമള്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പിന്നാലെ കേസില്‍ ഉള്‍പ്പെട്ട കോമള്‍, ഗുല്‍ഷന്‍, സഹായികളായ രാഹുല്‍, ഗുഡു, മോണ്ടു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page