ജീവനക്കാരിയോട് സലൂണ്‍ ഉടമയുടെ പ്രണയാഭ്യര്‍ത്ഥന; പിന്നാലെ യുവതിയുടെ ഭര്‍ത്താവിന്റെ മര്‍ദനം; ദൃശ്യങ്ങള്‍ സിസിടിവിയില്‍

ആവലഹള്ളി: വിവാഹിതയായ ജീവനക്കാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സലൂണ്‍ ഉടമയെ യുവതിയുടെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ബെംഗളൂരുവിലെ ആവലഹള്ളിയിലെ സ്‌കിന്‍ ഷൈന്‍ ഫാമിലി സലൂണിലാണ് സംഭവം. സലൂണില്‍ ബ്യൂട്ടീഷ്യനായിരുന്ന സുഷമയോടാണ് ഉടമ മോഹന്‍ കുമാര്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്. സുഷമയ്ക്ക് ബിസ്‌കറ്റ് നല്‍കിയായിരുന്നു മോഹന്‍ കുമാറിന്റെ പ്രണയാഭ്യര്‍ത്ഥനയെന്ന് പറയുന്നു.

എന്നാല്‍ സുഷമ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. ഇതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് പറയുന്നു. തന്നോട് സലൂണ്‍ ഉടമ പ്രണയാഭ്യര്‍ത്ഥന നടത്തിയ വിവരം സുഷമ ഭര്‍ത്താവിനോട് പറഞ്ഞു. പിന്നാലെ സുഷമയുടെ ഭര്‍ത്താവും നാലഞ്ചു സുഹൃത്തുക്കളും സലൂണിലെത്തി മോഹന്‍ കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മോഹന്റെ ഭാര്യ ശ്രീജയ്ക്കും മര്‍ദനമേറ്റു. ശ്രീജയുടെ കഴുത്തിന് പിടിച്ചു തള്ളിയെന്നും പരാതിയുണ്ട്.

സലൂണിലുണ്ടായിരുന്നവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാറിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സലൂണിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ സുഷമ, ഭര്‍ത്താവ്, ഒപ്പമുണ്ടായിരുന്നവര്‍ എന്നിവര്‍ക്കെതിരെ ആവലഹള്ളി പൊലീസ് സ്റ്റേഷനില്‍ മോഹന്‍ കുമാര്‍ പരാതി നല്‍കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page