കൊച്ചിയില്‍ നിന്ന് ട്രക്കിംഗിനായി കുടകിലെത്തിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍

ബെംഗളൂരു: കൊച്ചിയില്‍ നിന്ന് ട്രക്കിംഗിനായി കുടകിലെത്തിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഐടി പ്രൊഫഷണലായ ശരണ്യ ജി.എസി(36) നെ ആണ് കാണാതായത്. വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെത്തിയത്. ഇവര്‍ തനിച്ചായിരുന്നു. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു.

വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ഇവര്‍ ട്രെക്കിംഗ് ആരംഭിച്ചത്. തനിച്ചായതിനാലും കാട്ടാന ശല്യമുള്ളതിനാലും മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഉണ്ടായിരുന്നില്ല. ഇതിനിടെ തനിക്ക് വഴിതെറ്റിയ വിവരം ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. പിന്നീട് സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

പിന്നാലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. കൂടാതെ ഡ്രോണുകളും സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിച്ചും വനത്തിനുള്ളിലും മറ്റ് വഴികളിലും പരിശോധന തുടരുകയാണ്. വിവരമറിഞ്ഞ് ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്. യുവതി അപകടത്തില്‍പ്പെട്ടതാകാനും വഴിമാറി സഞ്ചരിച്ചതാകാനും സാധ്യതയുള്ളതിനാല്‍ ആ രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page