മൂന്നാമതും പെണ്‍കുഞ്ഞ്; ഗര്‍ഭിണിയായ ഭാര്യയേയും 2 പെണ്‍മക്കളേയും യുവാവ് നീന്തല്‍ കുളത്തില്‍ മുക്കിക്കൊന്നു; പ്രതി അറസ്റ്റില്‍

ഹൈദരാബാദ്: ഗര്‍ഭിണിയായ ഭാര്യയേയും പറക്കമുറ്റാത്ത രണ്ട് പെണ്‍മക്കളേയും നീന്തല്‍ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തെലങ്കാലന ഇനാവോലു പുന്നോള്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഭാര്യ ഫര്‍ഹാന (26), മക്കളായ ഉമേര (9), ആയിഷ (5) എന്നിവരെ കൊലപ്പെടുത്തിയ കുറ്റത്തിന് സിമന്റ് ഇഷ്ടിക നിര്‍മ്മാണ യൂണിറ്റ് ഉടമയായ അസ്ഹറുദ്ദീനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസമാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ നീന്തല്‍ക്കുളത്തില്‍ നിന്ന് കണ്ടെത്തിയത്. കാല്‍ വഴുതി നീന്തല്‍ക്കുളത്തില്‍ വീണതാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. മകളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഭാര്യയേയും മക്കളേയും അസ്ഹറുദ്ദീന്‍ സമീപത്തെ റിയല്‍ എസ്റ്റേറ്റിലേക്ക് കൊണ്ടുപോയതെന്ന് ഫര്‍ഹാനയുടെ പിതാവ് എസ്.കെ അലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിറ്റേന്ന് രാവിലെ അസ്ഹറുദ്ദീന്‍ ബന്ധുക്കളെ വിളിച്ച് ഭാര്യയും മക്കളും കാല്‍ വഴുതി നീന്തല്‍ കുളത്തില്‍ വീണ് മരിച്ച വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കുടുംബം സ്ഥലത്തെത്തിയപ്പോള്‍ മൂന്നുപേരുടെയും വായില്‍ നിന്ന് നുരയും പതയും വന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടുത്തിടെ നടത്തിയ ഗര്‍ഭസ്ഥ പരിശോധനയില്‍ മൂന്നാമത്തെ കുഞ്ഞും പെണ്ണാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നിരാശനായ അസ്ഹറുദ്ദീന്‍ ഭാര്യയോട് അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് തയാറായില്ല. നേരത്തെ മൂന്നുതവണ ഫാര്‍ഹാനയെ അസ്ഹറുദ്ദീന്‍ അബോര്‍ട്ട് ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇത്തവണ ഫര്‍ഹാന അബോര്‍ഷന് തയാറാകാത്തതിനാലാണ് ഭാര്യയേയും മക്കളേയും അയാള്‍ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഫര്‍ഹാനയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റം കണ്ടെത്തുകയും അസ്ഹറുദ്ദീനെ അറസ്റ്റുചെയ്യുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page