കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട; രണ്ടു തവണയായി ഇന്ന് 72.9 ലക്ഷം രൂപ പിടികൂടി; രണ്ടാം തവണ പിടികൂടിയത് 61.5 ലക്ഷം, തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ട് കുഴല്‍പ്പണ കടത്ത് രൂക്ഷമാകുന്നു. ഇന്ന് രണ്ടുതവണയായി കാസര്‍കോട്ട് നിന്നും കുമ്പളയില്‍ നിന്നുമായി 72.9 ലക്ഷം രൂപ രേഖകളില്ലാത്ത നിലയില്‍ പൊലീസ് പിടിച്ചെടുത്തു. കുമ്പളയില്‍ നിന്ന് 61.5 ലക്ഷം രൂപയും കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക് സര്‍ക്കിളിനടുത്തു വച്ച് 11.40 ലക്ഷം രൂപയുമാണ് പിടികൂടിയത്.
കുമ്പളയില്‍ കള്ളപ്പണം കടത്തുകയായിരുന്ന ഒരാളെ അറസ്റ്റു ചെയ്തു. കാസര്‍കോട് തളങ്കരയിലെ മടന്നൂര്‍ ഹൗസില്‍ ഷബീര്‍ ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും കുമ്പള പൊലീസും ആരിക്കാടി ടോള്‍ ബൂത്തിനു സമീപത്തു നടത്തിയ വാഹന പരിശോധനയിലാണ് ഹവാലപണം പിടികൂടിയത്. കാറിന്റെ ഹാന്‍ഡ്‌ബ്രേക്ക് ഭാഗത്ത് പ്രത്യേക അറ ഉണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു കാര്‍. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്ത് ട്രാഫിക് സര്‍ക്കിളിനു അടുത്ത് വച്ച് 11.40 ലക്ഷം രൂപ പിടികൂടിയത്. പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ യാത്രക്കാരനായ യുവാവിന് അത് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പണം പിടികൂടിയതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.ജോസ്, പൊലീസുകാരായ ഹരീന്ദ്രന്‍, ചന്ദ്രന്‍, ജിനേഷ് എന്നിവരും എസ് പി യുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഹവാല വേട്ട നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page