ദേശീയപാതയില്‍ വീണ്ടും അപകടം; നിര്‍ത്തിയിട്ട പിക്കപ്പിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു, അപകടം ബന്തിയോട്ട്

കാസര്‍കോട്: തകരാറിലായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തലപ്പാടി, കെ സി റോഡ് സ്വദേശി മുഹ്‌യുദ്ദീന്‍ സിനാൻ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറേകാല്‍ മണിയോടെ ദേശീയപാതയിലെ ബന്തിയോട്ട് ആണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മുഹ്‌യുദ്ദീന്‍ സിനാനെ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉപ്പള ഭാഗത്തു നിന്നു കുമ്പള ഭാഗത്തേയ്ക്ക് വരുന്നതിനിടയിലാണ് ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടത്.
ദിവസങ്ങള്‍ക്കുള്ളില്‍ സമാന രീതിയില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ചൊവ്വാഴ്ച രാവിലെ ബന്തിയോട്ട് ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കറന്തക്കാട്ട് ഫയര്‍ സ്റ്റേഷനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് വലിയ അപകടമാണ് ഉണ്ടായത്. അന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ലോറിക്കു അകത്തു കുടുങ്ങിയ ക്ലീനറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്.
അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്ത ചെങ്കള- തലപ്പാടി ദേശീയപാതയില്‍ മുന്നറിയിപ്പ് ലംഘിച്ചു കൊണ്ടുള്ള വാഹന ഓട്ടം പതിവായിട്ടുണ്ട്. ആറുവരിപാതയില്‍ ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രവേശനമില്ല. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഇരുചക്രവാഹനങ്ങള്‍ ചീറിപായുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പോ, പൊലീസോ നടപടി തുടങ്ങിയിട്ടില്ല.
സര്‍വ്വീസ് റോഡുകളിലെ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ദേശീയപാതയിലൂടെ പോകുന്ന ബസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നതായും പരാതിയുണ്ട്. സര്‍വ്വീസ് റോഡുകളിലെ നടപ്പാതകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും പതിവായിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Mohammed

NH Roadil ഒരു വാഹനവും നിർത്താൻ പാടില്ല വാഹനം തകരാറിൽ ആയാൽ അടുത്ത് ഉള്ള പോലീസിൽ അറിയിച്ചു വാഹനം അവിടെ നിന്ന് മാറ്റാനുള്ള സംവിധാനം ചെയുക വാഹനം മാറ്റുന്ന ത് വരെ തകരാറിൽ ആയ വാഹനതിന്നു അടുത്ത് അപകട സിഗ്നൽ വെച്ച് അപകടം ഒഴിവാക്കാം

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page