ഉഷ്ണ തരംഗത്തിനിടയില്‍ തെരഞ്ഞെടുപ്പ് ചൂടും: നേതാക്കളും, പ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കുന്നു

കാസര്‍കോട്: കടുത്ത ചൂടില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കുന്നു. പുറത്തെ കഠിനമായ സൂര്യതാപവും അകത്തു തെരഞ്ഞെടുപ്പ് ചൂടുമായതോടെ നേതാക്കളും, പ്രവര്‍ത്തകരും ചുട്ടുപൊള്ളുകയാണ്. തിരഞ്ഞെടുപ്പിന് ഇനി കുറഞ്ഞ ദിവസങ്ങളേ ബാക്കിയുള്ളുവെന്നതു ഇക്കൂട്ടരെ കുഴക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ അനുഭാവികളെയും എതിരാളികളെന്നും വ്യക്തമായി തിരിച്ചറിയാമായിരുന്നു. എന്നാല്‍ ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥിയും അവരുടെ പ്രവര്‍ത്തകരുമാണ് എതിരാളികളെന്നു വിശ്വസിക്കാന്‍ സ്ഥാനാര്‍ത്ഥികളും നേതാക്കന്മാരും വിഷമിക്കുന്നു. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാത്ത പ്രയാസവും ഇക്കാര്യം മറ്റാരോടും പറയാന്‍ കഴിയാത്ത അവസ്ഥയും സ്ഥാനാര്‍ത്ഥികളുടെ മനസിലും വിയര്‍പ്പൊഴുക്കുന്നുണ്ടെന്നു പ്രവര്‍ത്തകര്‍ സംശയിക്കുന്നു. ഇതുമൂലം ചുട്ടുപൊള്ളുന്ന വെയിലിലും വോട്ട് പിടുത്തവും പ്രചാരണവും തുടരുകയാണ്. അതേസമയം പ്രവര്‍ത്തകരില്‍ അധികവും പ്രചരണം രാവിലെയും വൈകിട്ടുമായി ചുരുക്കിയിട്ടുണ്ടെന്നും പറയുന്നു. പൊതുയോഗങ്ങളും മറ്റും വൈകുന്നേരം 7 മണിക്കുശേഷമാക്കിയിട്ടുണ്ട്.

രാവിലെ 11 മണി കഴിഞ്ഞാല്‍ ചൂടിന്റെ കാഠിന്യം കൂടുന്നു. ഉച്ചയ്ക്ക് 3 മണി വരെ ഇത് തുടരുന്നു.
മാര്‍ച്ച് മാസം തുടക്കത്തില്‍ തന്നെ താപനില വളരെ ഉയര്‍ന്ന നിലയിലാണ്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോള്‍. ചൂട് കൂടിയതോടെ സംസ്ഥാനത്ത് വിവിധതരം രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മഞ്ഞപ്പിത്തം, ചെങ്കണ്ണ് എന്നിവയ്ക്ക് പുറമെ അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്കയും ഏറി വരുന്നുണ്ട്. ഈ മാസം പത്തോളം പേര്‍ക്ക് ആരോഗ്യവകുപ്പ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 200 പേര്‍ക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 47 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. രൂക്ഷമായ ചൂടാണ് രോഗം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാകുന്നതാണ് മരണകാരണമാവുന്നത്.
ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page