വിശ്രമമില്ലാതെ തെരഞ്ഞെടുപ്പു വിഭാഗം: ഈ വിഭാഗത്തില്‍ വൈദ്യുതി ലൈറ്റുകള്‍ക്കും വിശ്രമമില്ല

കാസര്‍കോട്: ജില്ലാ തെരഞ്ഞെടുപ്പു വിഭാഗത്തിനു പകലും രാത്രിയും ഒരു പോലെയായിരിക്കുന്നു. തിരഞ്ഞെടുപ്പു സമാധാന പരവും നീതി പൂര്‍വ്വകവുമാക്കുന്നതിനു ജീവനക്കാര്‍ അഹോരാത്രം പണിയെടുക്കുന്നു. പണിത്തിരക്കു കൊണ്ടു രാത്രി ഏതെന്നോ, പകല്‍ ഏതെന്നോ വരെ അറിയാത്ത സ്ഥിതിയിലായിരിക്കുകയാണെന്നും സംസാരമുണ്ട്.
ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കാവശ്യമായ ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരുന്ന കളക്ട്രേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ നിന്നു രണ്ടു ദിവസം മുമ്പ് വോട്ടിംഗ് മെഷീനുകള്‍ വിതരണ കേന്ദ്രത്തിലെത്തിച്ചു കഴിഞ്ഞെങ്കിലും വെയര്‍ ഹൗസില്‍ ജീവനക്കാര്‍ തിരക്കിലാണെന്നു പറയുന്നു. തിരക്കിന്റെ ഭാഗമായി വെയര്‍ ഹൗസ് കെട്ടിടത്തിന്റെ പുറത്തും ഉച്ചയായിട്ടും ട്യൂബ് ലൈറ്റ് കത്തി നില്‍ക്കുന്നു.
ജീവനക്കാര്‍ കെട്ടിടത്തിനകത്തേക്കു കയറുകയും കൂട്ടമായി ഇറങ്ങിപ്പോവുകയും ചെയ്യുന്ന വാതിലിനടുത്താണ് ട്യൂബ് അഹോരാത്രം കത്തി നില്‍ക്കുന്നത്.
വൈദ്യുതി അമൂല്യമാണെന്നൊക്കെ ഖജനാവിലെ പണം ചെലവാക്കി പരസ്യപ്പെടുത്തുന്ന സര്‍ക്കാര്‍ വിലാസം തന്നെ മനസ്സാക്ഷിക്കുത്തില്ലാതെ വൈദ്യുതിയും മറ്റു സംവിധാനങ്ങളുമൊക്കെ പാഴാക്കുന്നതു ശീലമായിക്കഴിഞ്ഞുവെന്ന് ആളുകള്‍ പറയുന്നു. പോരാത്തതിന് ഇലക്ഷന്‍ ചെലവിനു വേണ്ടത്ര ഫണ്ടുണ്ടെന്നും അതു ചെലവഴിച്ചു തീര്‍ക്കണമെങ്കില്‍ ഇങ്ങനെയൊക്കെ കുറേ പണവും ധൂര്‍ത്തടിക്കേണ്ടിവരുമെന്നും ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page