കാസര്‍കോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്കു പിന്നില്‍ ലോറിയിടിച്ചു; ഒന്നര മണിക്കൂര്‍ കാബിനില്‍ കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്തിയത് സാഹസികമായി, ഫയര്‍ഫോഴ്‌സിന് കയ്യടിച്ച് നാട്ടുകാര്‍, ജീവന്‍ കാത്തതിന് നന്ദി പറഞ്ഞ് ലോറി ക്ലീനര്‍

കാസര്‍കോട്: കാസര്‍കോട്, കറന്തക്കാട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്കു പിന്നില്‍ മറ്റൊരു ലോറിയിടിച്ചു. അപകടത്തെത്തുടര്‍ന്ന് ഒന്നര മണിക്കൂര്‍ കാബിനില്‍ കുടുങ്ങിയ ലോറി ക്ലീനറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയും ക്ലീനറുമായ സ്വരൂപ് മോദി (28)യെ ആണ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഫയര്‍‌സ്റ്റേഷനു മുന്‍ഭാഗത്ത് ദേശീയ പാതയില്‍ അപകടമുണ്ടായത്. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നില്‍ കാസര്‍കോട് കെഎസ്ഇബി യിലേക്ക് ഇലക്ട്രിക് കേബിളുമായി വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ 600 കിലോ വീതം തൂക്കമുള്ള 16 റോള്‍ കേബിളുകള്‍ കാബിന്റെ പിന്‍ഭാഗത്തേക്ക് തള്ളി. ഇതോടെയാണ് ഡ്രൈവര്‍ ബിശ്വജിത്ത് മണ്ഡല്‍, ക്ലീനര്‍ സ്വരൂപ് എന്നിവര്‍ കാബിനില്‍ കുടുങ്ങിയത്. അപകടം കണ്ട ഒരാള്‍ ദേശീയ പാതയില്‍ നിന്നു ഉച്ചത്തില്‍ വിളിച്ചതോടെയാണ് സംഭവം ഫയര്‍ഫോഴ്‌സ് അറിഞ്ഞത്. ഉടന്‍ തന്നെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ സര്‍വ്വ സന്നാഹങ്ങളുമായി ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് കുതിച്ചെത്തി. കേബിള്‍ റോളുകള്‍ നീക്കം ചെയ്യാതെ കാബിന്‍ വെട്ടിപ്പൊളിച്ചാല്‍ ഡ്രൈവറുടെയും ക്ലീനറുടെയും ജീവന്‍ അപകടത്തിലാകുമെന്നു ഫയര്‍ഫോഴ്‌സ് കണക്കുകൂട്ടി. തുടർന്ന് വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് ലോറിയുടെ കാബിന്‍ ഭാഗം താങ്ങി നിര്‍ത്തി. ഇതിനിടയില്‍ ഡ്രൈവറെ പുറത്തിറക്കി. മേല്‍പ്പറമ്പ് ഭാഗത്ത് നിന്ന് ക്രെയിന്‍ എത്തിച്ച് കേബിള്‍ റോളുകള്‍ ഓരോന്നായി താഴെയിറക്കി. അപ്പോഴേക്കും ഒന്നര മണിക്കൂര്‍ നേരം പിന്നിട്ടിരുന്നു. തുടർന്ന് കാബിന്‍ വെട്ടപ്പൊളിച്ചാണ് അകത്തു കുടുങ്ങിക്കിടന്ന ക്ലീനറെ സുരക്ഷിതമായി പുറത്തിറക്കിയത്.

ഉടന്‍ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയപ്പോള്‍ തന്നെ ക്ലീനര്‍ ആരോഗ്യ നില വീണ്ടെടുത്തു. ജീവന്‍ രക്ഷിച്ച ഫയര്‍ഫോഴ്‌സിനു അയാള്‍ നന്ദി പറഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ ക്ലീനറുടെ ജീവന്‍ രക്ഷിച്ച ഫയര്‍ഫോഴ്സിനെ കയ്യടിച്ചാണ് നാട്ടുകാര്‍ യാത്രയാക്കിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എച്ച് ഉമേശന്‍, രാജേഷ് പാവൂര്‍, ഗോകുല്‍ കൃഷ്ണന്‍, അമല്‍രാജ്, അതുല്‍രവി, അശ്വിന്‍, ബിബീഷ്, രമേശ്, ഡ്രൈവര്‍മാരായ എം രമേശ, ഷബില്‍കുമാര്‍, അനന്തു, ഹോംഗാര്‍ഡുമാരായ രാജേന്ദ്രന്‍, രാകേഷ്, സുബാഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page