സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഉറങ്ങിക്കിടന്നിരുന്ന അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ വന്‍ നാശനഷ്ടം. കോഴിക്കോട് ഇടിഞ്ഞിലത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം. വീട്ടില്‍ അമ്മയും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവ സമയത്ത് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന ഇരുവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ ഭര്‍ത്താവ് ചെന്നൈയിലാണ്.

വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അപകട വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്ത വിവരം അറിയുന്നത്. അപകടത്തില്‍ മതില്‍ പൂര്‍ണമായും തകര്‍ന്നു. വീടിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ന്ന് ചില്ലുകള്‍ മുറിയിലേക്ക് വീണു. അപകടത്തില്‍പ്പെട്ട ബസില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബസില്‍ നിന്നിറങ്ങിയ ഡ്രൈവര്‍ മുടന്തി നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബസ് ഉടമകളുമായി വീട്ടുകാര്‍ ഫോണിലൂടെ ബന്ധപ്പെട്ട് അപകടവിവരം അറിയിച്ചിരുന്നെങ്കിലും ഇതുവരെ തങ്ങളുമായി ബന്ധപ്പെടുകയോ സ്ഥലത്തെത്തുകയോ ചെയ്തില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അപകടത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയതായി വീട്ടുകാര്‍ അറിയിച്ചു. നേരത്തേയും ഇവിടെ അപകടം നടന്നിരുന്നു. അന്നും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page