നാല് മാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ കലഹം; ഒടുവില്‍ ഭാര്യയെ ഭര്‍ത്താവ് വിഷം കുത്തിവച്ച് കൊലപ്പെടുത്തി

ഗുരുഗ്രാം: നാല് മാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരില്‍ വിഷം കുത്തിവച്ച് കൊന്നു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മ്മയാണ് ഭാര്യയും നഴ്സുമായ കാജലിനെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ ഒരു നഴ്സിംഗ് ഹോമില്‍ ജോലി ചെയ്തിരുന്ന ഇരുവരും അവിടെ വച്ച് പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് അരുണ്‍ ശര്‍മ. ഗുരുഗ്രാമിലെ ഗര്‍ഹി ഹര്‍സാരു സ്വദേശിയാണ് കാജല്‍.

2025 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ആദ്യ ദിനങ്ങളില്‍ പ്രശ്‌നങ്ങളില്ലാതെ സന്തോഷകരമായ കുടുംബജീവിതമായിരുന്നു. താമസിയാതെ കലഹം പതിവായെന്ന് കാജലിന്റെ സഹോദരന്‍ പറഞ്ഞു. അരുണ്‍, കാജലിനെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത് പതിവായി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങിയെന്നും പണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നും കാജലിന്റെ സഹോദരന്‍ ആരോപിച്ചു.

മാര്‍ച്ച് നാലിന് ഹോളി ദിനത്തില്‍ കാജലിന്റെ വീട്ടിലെത്തിയ ദമ്പതികള്‍ അവിടെ താമസം ആരംഭിച്ചു. അതിനിടെ മദ്യപിച്ചെത്തിയ അരുണ്‍ കാജലിനെ ശാരീരികമായി ആക്രമിച്ചു. പിറ്റേന്ന് രാവിലെ, അരുണ്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാജലിനെ താഴേക്ക് കൊണ്ടുപോയി. സംസാരത്തിനിടെ തര്‍ക്കമുണ്ടായി. പിന്നീട് മൂക്കില്‍ നിന്ന് രക്തം വാര്‍ന്നു അബോധാവസ്ഥയില്‍ കിടക്കുന്ന കാജലിനെയാണ് വീട്ടുകാര്‍ കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നീട് കാജലിന്റെ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ടോയ്ലറ്റില്‍ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തി. അരുണ്‍ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിച്ച അവര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിതാണെന്ന് അരുണ്‍ സമ്മതിച്ചു. പിന്നാലെ കൊലപാതക കുറ്റം ചുമത്തി അരുണിനെ പൊലീസ് അറസ്റ്റുചെയ്തു. അരുണ്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page