തന്ത്രപരമായ നീക്കം: ചൈനയിലേക്ക് പുറപ്പെട്ട റഷ്യന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സം മറികടക്കാന്‍ ഇന്ത്യ തന്ത്രപരമായ നീക്കം നടത്തി. ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യന്‍ എണ്ണക്കപ്പലുകള്‍ പാതിവഴിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ട് പ്രതിസന്ധിക്ക് അയവ് വരുത്താനാണ് ഇന്ത്യയുടെ നീക്കം. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ജനുവരി അവസാനം ബാള്‍ട്ടിക് കടലിലെ തുറമുഖത്തുനിന്ന് എണ്ണ കയറ്റിയ അക്വാ ടൈറ്റാന്‍ എന്ന എണ്ണക്കപ്പലാണ് ദക്ഷിണ ചൈനാ കടലില്‍വെച്ച് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്. ഈ മാസം 21ന് ന്യൂ മംഗളൂരൂവില്‍ അക്വ ടൈറ്റന്‍ എന്ന കപ്പല്‍ യുറല്‍സ് ക്രൂഡുമായി എത്തുമെന്നാണ് വിവരം. ചൈനീസ് തുറമുഖമായ റിസോവോ ലക്ഷ്യമിട്ടാണ് ഈ കപ്പല്‍ പുറപ്പെട്ടത്. ചൈനയിലേക്കുള്ള ഏഴ് റഷ്യന്‍ കപ്പലുകളെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായാണ് ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വോര്‍ടെക്‌സ നല്‍കുന്ന വിവരം. കസാഖിസ്ഥാനില്‍ നിന്നുള്ള എണ്ണയുമായി പുറപ്പെട്ട സോസൂ എന്‍ എന്ന കപ്പല്‍ മാര്‍ച്ച് ആദ്യവാരമാണ് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്. അമേരിക്കയുടെ താത്കാലിക അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ മൂന്നു കോടി ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യയിലെ ശുദ്ധീകരണശാലകളിലെത്തിയത്.ഇന്ത്യയ്ക്കു പിന്നാലെ മറ്റ് രാജ്യങ്ങള്‍ക്കും ഇളവു കൊടുത്തതോടെ, ചൈനയിലേക്കു പോയിരുന്ന പല കപ്പലുകളും ദിശ മാറ്റി ആവശ്യാനുസരണം ഓരോ രാജ്യങ്ങളിലേക്ക് പോയിരുന്നു. ഇന്ത്യ ഇറക്കുമതി കുറച്ചതോടെ ചൈനയായിരുന്നു റഷ്യയില്‍ നിന്ന് ഏറ്റവും അധികം ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന രാജ്യം. ജപ്പാനും ദക്ഷിണ കൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങിയതോടെ വില ഇനിയും ഉയര്‍ന്നേക്കുമെന്ന് സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page