കുടുംബവഴക്ക്; മകന്റെ കണ്‍മുന്നില്‍ ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് 13 കാരനായ മകന്റെ മുന്നില്‍വച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയിലെ മുളുണ്ട് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജ്കുമാര്‍ ഗുപ്ത(42)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യനാണ് രാജ്കുമാര്‍. കൊപാതകത്തിനുശേഷം ഒളിവില്‍പോയ രാജ്കുമാറിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണു റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്.

മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം നടന്നതായി പുഷ്പയുടെ സഹോദരന്‍ കമലേഷ് ഗുപ്ത പൊലീസിനോട് പറഞ്ഞു. പിന്നാലെ ഭര്‍ത്താവിനെതിരെ പുഷ്പ പൊലീസില്‍ പരാതി നല്‍കി. ദമ്പതികള്‍ തമ്മിലുള്ള കലഹം അറിഞ്ഞ് സഹോദരിയേയും മകനേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മുംബൈയില്‍ എത്തിയതായിരുന്നു കമലേഷ് ഗുപ്ത.

തിരിച്ച് പോകുന്നതിനിടെ മുളുണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആര്‍മി ഐഡി കാര്‍ഡ് മറന്നുവച്ച കാര്യം കമലേഷ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് സഹോദരിയേയും മക്കളേയും സ്‌റ്റേഷനിലിരുത്തി കാര്‍ഡ് എടുക്കാന്‍ രാജ്കുമാറിന്റെ വീട്ടില്‍ പോയ കമലേഷിനെ രാജ്കുമാര്‍ വീട്ടില്‍ പൂട്ടിയിട്ടു.

പിന്നാലെ മുളുണ്ട് സ്റ്റേഷനിലെത്തിയ രാജ്കുമാര്‍ പരാതി നല്‍കിയതിനെ ചോദ്യം ചെയ്ത് ഭാര്യയുമായി കലഹമുണ്ടാക്കുകയും ഓടിക്കൊണ്ടിരുന്ന ലോക്കല്‍ ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് കമലേഷ് പറയുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പയെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page