ആലപ്പുഴ: ഒടുവില്‍ നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരില്ലെന്നും അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും വ്യാഴാഴ്ച ആലപ്പുഴയിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു ആരോടും പറഞ്ഞിട്ടില്ല. അംഗത്വം പുതുക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല. അറിയാത്തതും പറയാത്തതുമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിട്ടില്ല-സുധാകരന്‍ പറഞ്ഞു.
ആരും പറഞ്ഞിട്ടല്ല പാര്‍ട്ടി അംഗമായത്. ആയിരക്കണക്കിനു കുട്ടികള്‍ക്കു അക്ഷരം പഠിപ്പിച്ച അച്ഛന്റെ മകനാണ് ഞാന്‍. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. അച്ഛനെ പോലും പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കെതിരെ താനൊന്നും പറയില്ല. പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത് മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങിയാണ്. ഭരണഘടനയെ കുന്തം, കുടച്ചക്രം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല-അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതു സംബന്ധിച്ച് ആത്മ പരിശോധന നടത്താന്‍ പാര്‍ട്ടി തയ്യാറാകണം. ചിലര്‍ മത്സരിക്കുമ്പോള്‍ ജനങ്ങള്‍ തിരിച്ചു വോട്ട് ചെയ്യുന്നു.അമ്പലപ്പുഴയില്‍ പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







