കാസര്‍കോട്: കാസര്‍കോട്, നുള്ളിപ്പാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് ലിഫ്റ്റ് സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. കര്‍ണാടക, ഗദഗ്, ബലേഗ ഹൊസൂരിലെ ചന്ദ്രശേഖര്‍ സുരേഷ് പട്ടാട് (38) ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട്ട് താമസിച്ച് ജോലി ചെയ്തുവരുന്ന ബന്ധുക്കളും നാട്ടുകാരായ ചിലരും ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം ചന്ദ്രശേഖറിന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.

ചൊവ്വാഴ്ച രാത്രി 10.15 മണിയോടെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലേക്ക് ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. അടിവസ്ത്രം മാത്രമേ മൃതദേഹത്തില്‍ ഉണ്ടായിരുന്നുള്ളു. വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന് അകത്തും വഴിയിലും ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു.മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റപാടുകളും തലയില്‍ ആഴത്തിലുള്ള മുറിവുള്ളതായും പരിശോധനയില്‍ കണ്ടെത്തി. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
കൊലപാതകമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ബി വി . വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. സ്ഥലത്തുനിന്ന് ചുക്കിച്ചുളുങ്ങിയ നിലയില്‍ ലഭിച്ച ഒരു ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലയാളികളെ കണ്ടെത്താന്‍ സഹായിച്ചത്. പ്രസ്തുത ആധാര്‍ കാര്‍ഡുമായി , കര്‍ണാടക സ്വദേശികള്‍ താമസിക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ എത്തിയ പൊലീസ് സംഘമാണ് കൊലയാളികളെ തിരിച്ചറിഞ്ഞത്.
ആധാര്‍ കാര്‍ഡിന്റെ ഉടമയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ചന്ദ്രശേഖര്‍ ആണെന്നു കണ്ടെത്തുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.






