കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി.
അന്തരിച്ച പ്രൊഫ. എംകെ സാനുവും മറ്റും നല്‍കിയ പരാതിയിലും എസ്എന്‍ഡിപി യുമായി ബന്ധപ്പെട്ടു കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന മറ്റു കേസുകളും പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ട്. ഇരു സംഘടനകളുടെയും ബോഡ് മെമ്പര്‍മാരെയും പുറത്താക്കിയിട്ടുണ്ട്.
1996 മുതല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയുടെയും അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും കണക്കുകളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും വ്യാപകമായ സാമ്പത്തിക തിരിമറി നടത്തുന്നുണ്ടെന്നും വരവു ചെലവു കണക്കുകളില്‍ കൃത്യതയില്ലെന്നുമുള്ള പരാതികളെതുടര്‍ന്നാണ് കോടതി ഇടപെടല്‍. എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയിരിക്കുകയാണെന്നും പരാതികളില്‍ ആരോപിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റ്റിന്റെയും ഭാരവാഹികളും ഭരണസമിതി അംഗങ്ങളുമായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ വൈസ് പ്രസിഡന്റും എസ്എന്‍ ട്രസ്റ്റിന്റെ ജോ. സെക്രട്ടറിയുമാണ്.
വിധിക്കെതിരെ അപ്പീലിനു പോകാനുള്ള നീക്കത്തിലാണ് വെള്ളാപ്പള്ളിയും സംഘവുമെന്നും പറയുന്നു.







