കാസര്‍കോട്: ഇറാന്‍-അമേരിക്ക അക്രമങ്ങളുടെ ആഘാതം ജില്ലയിലും പ്രകടമായിത്തുടങ്ങി.
പാചകവാതക ക്ഷാമത്തെത്തുടര്‍ന്നു ജില്ലാ പഞ്ചായത്തിലെ കുടുംബശ്രീ കാന്റീനില്‍ ഭക്ഷണപാചകം ഭാഗികമായി പരമ്പരാഗത രീതിയിലേക്കു മാറ്റി. ഉച്ചഭക്ഷണത്തിനുള്ള ചോറു പാകം ചെയ്യുന്നതിനു കാന്റീന്‍ മുറ്റത്തോടു ചേര്‍ന്നു അടുപ്പുകൂട്ടി അരി വേവിക്കുന്നു. വിറകുപയോഗിച്ചാണ് പാചകം. നിലവിലുള്ള പരിമിതമായ ഗ്യാസ് കറികള്‍ പാകം ചെയ്യാനുപയോഗിക്കുന്നു. ബുധനാഴ്ച മുതല്‍ ഈ പാചക രീതി പിന്തുടരുന്നുണ്ട്. പാചകവാതക വിതരണം സാധാരണ നിലയിലാകുന്നതു വരെ ഈ രീതി തുടരേണ്ടി വന്നേക്കും. വിറകിനും ക്ഷാമം നേരിടുമോ എന്ന ആശങ്കയുമുണ്ട്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചുള്ള പാചക രീതി തുടങ്ങിയിട്ടുണ്ട്. അതു വൈദ്യുതി ക്ഷാമത്തിനും ഇടയാക്കിയേക്കുമെന്നും ആശങ്കയുണ്ട്.
കാസര്‍കോട് ജില്ലയിലെ മറ്റു ഹോട്ടലുകളും പാചക വാതക ലഭ്യതക്കുറവ് നേരിടുന്നുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ നിറുത്തിവെക്കുകയോ ചെയ്യേണ്ടി വരുമെന്നും ആശങ്കയുണ്ട്.






