‘അസാമാന്യ പ്രകടനം, നിന്നെക്കുറിച്ചോര്‍ത്ത് വലിയ സന്തോഷം ചേട്ടാ’; ലോകകപ്പ് വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ അഭിനന്ദിച്ച് വിരാട് കോലി

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് വിരാട് കോലി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോലി സാംസണെ അഭിനന്ദിച്ചത്. ‘അസാമാന്യ പ്രകടനം, മാന്‍ ഓഫ് ദ് ടൂര്‍ണമെന്റാകാന്‍ ഏറ്റവും അര്‍ഹനായ ആളാണ് സഞ്ജു സാംസണ്‍. ടീമിന് ആവശ്യമുള്ള ഘട്ടത്തില്‍ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം ചേട്ടാ’-കോലി കുറിച്ചു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ കോലി പങ്കുവച്ച ഏക സ്റ്റോറിയും ഇതാണ്.

ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്നര്‍ (35 പന്തില്‍ 43), ഡാരില്‍ മിച്ചല്‍ (17) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പവര്‍ പ്ലേയില്‍ തന്നെ ന്യൂസിലന്‍ഡിന് ഫിന്‍ അലന്‍ (9), രചിന്‍ രവീന്ദ്ര (1), ഗ്ലെന്‍ ഫിലിപ്സ് (5) എന്നിവരുടെ വിക്കറ്റ് നഷ്ടമായിരുന്നു. കൂടെ മാര്‍ക് ചാപ്മാന്‍ (3), സീഫെര്‍ട്ട് എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലായി ന്യൂസിലന്‍ഡ്. മിച്ചല്‍ – സാന്റ്നര്‍ സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും ബുമ്രയുടെ വരവില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി. ജയിംസ് നീഷം (8), മാറ്റ് ഹെന്റി (0), ജേക്കബ് ഡഫി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (6) പുറത്താവാതെ നിന്നു.

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സഞ്ജു സാംസണ്‍ നേടിയത് (89 റണ്‍സ്). ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസന്‍ (2021ല്‍ 85 റണ്‍സ്), വെസ്റ്റിന്‍ഡീസിന്റെ മര്‍ലോന്‍ സാമുവല്‍സ് (2016ല്‍ 85 റണ്‍സ്) എന്നിവരെയാണ് സഞ്ജു മറികടന്നത്. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ, ബാബര്‍ അസം, വിരാട് കോലി, കെ.എല്‍. രാഹുല്‍, കുശാല്‍ മെന്‍ഡിസ്, സാഹിബ് സാദ ഫര്‍ഫാന്‍ എന്നിവര്‍ക്കു ശേഷം ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടുന്ന താരവുമായി സഞ്ജു സാംസണ്‍. സച്ചിന്റെ ഉപദേശമാണ് തന്റെ പ്രകടനത്തെ സ്വാധീനിച്ചതെന്ന് അവാര്‍ഡ് വാങ്ങിയശേഷം സഞ്ജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു

ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലും 27 ഫോറുകളും 24 സിക്സറുകളും സഹിതം 321 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. ഒരു ട്വന്റി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന 2014ലെ വിരാട് കോലിയുടെ (319) റെക്കോര്‍ഡും സഞ്ജു മറികടന്നു. കൂടാതെ ടി20 ലോകകപ്പ് സെമിഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചറി നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാടിനും പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കുമൊപ്പം ചേര്‍ന്നു.

ലോകകപ്പിനു മുന്നോടിയായി ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളില്‍നിന്നു വെറും 46 റണ്‍സ് മാത്രം നേടിയതിനെത്തുടര്‍ന്ന് പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു, അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. അതും നിര്‍ണായക സമയത്ത് ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകരുകയും ചെയ്തു. നമീബിയയ്ക്കും സിംബാബ്വെക്കുമെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാനാകാതിരുന്ന സഞ്ജു, നിര്‍ണ്ണായകമായ മത്സരങ്ങള്‍ക്കായി തന്റെ മികച്ച പ്രകടനം കരുതിവയ്ക്കുകയായിരുന്നു.

സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാനുള്ള നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 97 റണ്‍സ്, സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 89, ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ നേടിയ മറ്റൊരു 89 റണ്‍സ് എന്നിവയിലൂടെ സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു. തന്റെ മോശം ഫോമിനെയും സ്ഥിരതയില്ലായ്മയെയും കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും കുറച്ചുകാലത്തേയ്‌ക്കെങ്കിലും ഇനി സ്ഥാനമില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page