‘ഇപ്പം വരുമെടാ പൊലീസ്, നീ നില്‍ക്ക്’; വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവിനെ ഒറ്റവാക്കുകൊണ്ട് ഓടിച്ച് വിട്ട വീട്ടമ്മ വൈറല്‍

തിരുവല്ല : വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവിനെ ഒറ്റവാക്കുകൊണ്ട് വീട്ടമ്മ ഓടിച്ച് വിട്ടു. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദ് ആണ് വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവിനെ തന്ത്രപൂര്‍വം പിന്തിരിപ്പിച്ചത്. സഫിയ ഇതോടെ നാട്ടുകാരുടെ ഹീറോയായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സഫിയയുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. സഫിയ തനിച്ചാണ് ഇരുനില വീട്ടില്‍ താമസിച്ചിരുന്നത്. ഒരുകിലോമീറ്റര്‍ അകലെയാണ് മകളും മരുമകനും താമസിക്കുന്നത്.

പുലര്‍ച്ചെ 2:20 യോടെ വീട്ടിന് പുറത്ത് ചില ശബ്ദങ്ങള്‍ കേട്ട സഫിയ ഉണര്‍ന്ന് നോക്കിയപ്പോഴാണ് ഇരുനില വീടിന്റെ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടത്. മോഷ്ടാക്കള്‍ അകത്തുകടന്നതായി സംശയിച്ച സഫിയ മനോധൈര്യത്തോടെ മകളെയും മരുമകനെയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മരുമകന്‍ പുളിക്കീഴ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ കിടപ്പുമുറിയുടെ വാതിലിന്റെ ഹാന്‍ഡില്‍ തിരിക്കുന്നത് കണ്ടു സഫിയ ഉച്ചത്തില്‍ ‘ഇപ്പം വരുമെടാ പൊലീസ്, നീ നില്‍ക്ക്’ എന്ന് വിളിച്ചുപറഞ്ഞു. പിന്നീട് അനക്കമൊന്നും കേട്ടില്ലെന്ന് സഫിയ പറഞ്ഞു. അരമണിക്കൂറിനകം മകളും മരുമകനും പൊലീസും സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നു. അവര്‍ വന്നശേഷമാണ് കിടപ്പുമുറി തുറന്ന് സഫിയ പുറത്തിറങ്ങിയത്. താഴത്തെ അലമാരകള്‍ തുറന്ന നിലയിലായിരുന്നെങ്കിലും കാര്യമായ വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കുടുംബം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page