നാട്ടികയില്‍ പ്രശ്‌നമൊന്നും ഇല്ല; ഗീതാ ഗോപിയെ മാറ്റില്ല, സിസി മുകുന്ദന്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാവും; ബിനോയ് വിശ്വം

തൃശ്ശൂര്‍: നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്ന സിസി മുകുന്ദന്‍ എംഎല്‍എയുടെ ആരോപണം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നാട്ടികയില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടലും ചീറ്റലും ഒന്നുമില്ല. നാട്ടിക പേയ്‌മെന്റ് സീറ്റുമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പേയ്മെന്റ് സീറ്റ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നു ബിനോയ് വിശ്വം പറഞ്ഞു. വിവാദത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിസി മുകുന്ദന്‍ ഒരിക്കലും പാര്‍ട്ടിയുടെ ശത്രുവല്ല. മുകുന്ദന് പറയാന്‍ ഉള്ള കാര്യങ്ങള്‍ പാര്‍ട്ടി കേള്‍ക്കും. ഇത്രയും നാള്‍ സ്‌നേഹിച്ച പാര്‍ട്ടിയെ മുകുന്ദന്‍ തള്ളിപ്പറഞ്ഞുകൊണ്ട് മറുചേരിയില്‍ പോകാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുകുന്ദനുമായി സംസാരിക്കാന്‍ നേതാക്കളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

നാട്ടികയില്‍ നിന്ന് ഗീതാ ഗോപിയെ മാറ്റില്ല, സിസി മുകുന്ദന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് തീരുമാനിച്ചത്. സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും എടുക്കുന്ന തീരുമാനമായിരിക്കും അന്തിമം. കമ്മിറ്റികള്‍ എടുത്ത അന്തിമ തീരുമാനം ഇതുവരെ മാറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് മുകുന്ദന്‍ വെല്ലുവിളിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎല്‍എ സിസി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാനാണ് തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page