മമ്മൂട്ടിയെ വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ ആരും ക്ഷണിച്ചതല്ല, സ്വമേധയാ വന്നതാണ്; സിപിഎം സൈബര്‍ ആക്രമണത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

കൊച്ചി: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിക്കൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖിനോട് മാറി നടക്കാന്‍ പറഞ്ഞതില്‍ അരിശം പൂണ്ട സിപിഎം സൈബര്‍ സംഘം തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.

മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടു. മമ്മൂട്ടിയെ ആരും വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ ക്ഷണിച്ചതല്ല. സ്വമേധയാ തോന്നി എത്തിയതാണ്. അദ്ദേഹത്തിന്റെ പിന്നാലെ വിടാതെ കൂടിയത് കൊണ്ടാണ് പൊതുപ്രവര്‍ത്തകന് ശകാരമേല്‍ക്കേണ്ടിവന്നത്. സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപ്തിയുടെ പ്രതികരണം.

പി ആറിന് വേണ്ടി സര്‍ക്കാരിന്റെ പലതും ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടെന്നും എങ്കില്‍ പോലും ഒരു സ്വകാര്യ സന്ദര്‍ശനത്തില്‍ തന്റെ കൂടെ നടന്ന് രാഷ്ട്രീയമായി അതിനെ ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നില്‍ക്കാന്‍ മമ്മൂട്ടി പറഞ്ഞതില്‍ എന്താണ് തെറ്റുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയും ഫേസ്ബുക്കില്‍ ആരാഞ്ഞു. അയാള്‍ അയാളുടെ വ്യക്തിപരമായ രാഷ്ട്രീയം പച്ചക്ക് പറഞ്ഞു. വയനാട്ടിലെ പണം ജനങ്ങളുടേതാണെന്ന് പറഞ്ഞു. സി.പി.എം നരേറ്റീവിന് ഒപ്പം നില്‍ക്കാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തി അങ്ങ് തീര്‍ക്കാം എന്ന് വച്ചാല്‍, ‘അങ്ങ് മാറി നില്‍ക്ക് ‘ എന്ന് തന്നെ അവരോട് പറയേണ്ടി വരുമെന്നും അബിന്‍ വര്‍ക്കി പറയുന്നു.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയാണ് സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മമ്മൂട്ടി തനിക്കൊപ്പം തന്നെ നടന്നുനീങ്ങുകയായിരുന്ന ജില്ലാ സെക്രട്ടറി റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ചത്. താങ്കള്‍ അല്‍പം മാറി നടക്കണമെന്നാണ് മമ്മൂട്ടി പറഞ്ഞത്. സംഭവം പുറത്തുവന്നതോടെയാണ് മമ്മൂട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണം നടന്നത്. ജനങ്ങളുടെ ടൗണ്‍ഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമര്‍ശം ഉന്നയിച്ചാണ് യുഡിഎഫിന്റെ വിമര്‍ശനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page