കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; വീട്ടുജോലിക്കാരിയെ തേടി പൊലീസ്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ പി.വി.രാമവാരിയരുടെ മകളും മുന്‍ മാനേജിങ് ഡയറക്ടര്‍ പി.ആര്‍.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടി(82) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കോയമ്പത്തൂര്‍ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാര്‍സന്‍ നെസ്‌ലെയിലെ വീട്ടില്‍ കഴിഞ്ഞദിവസം രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിനുശേഷം കാണാതായ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരി സുര്‍ജ(38)യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുര്‍ജ അടക്കം നാലുപേര്‍ ബാഗുമായി വീടിന്റെ മതില്‍ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് നാലംഗ സംഘത്തിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയത്.

ഭര്‍ത്താവ് ഗോപാലന്‍കുട്ടി മരിച്ചശേഷം കസ്തൂരിയും മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാര്‍ കുട്ടിയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ രാംകുമാര്‍ കുട്ടി വിദേശത്തായിരുന്നു. കോയമ്പത്തൂര്‍ സിങ്കാനല്ലൂരില്‍ താമസിക്കുന്ന മകള്‍ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചു. അവര്‍ എത്തി വീടു പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്തൂരിയുടെ കഴുത്തിലെ രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കാണാതായതായി കണ്ടെത്തി. വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. വീട്ടില്‍ നിന്നു മറ്റെന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു മകന്‍ മടങ്ങിയെത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. കവര്‍ച്ചയുടെ ഭാഗമായുള്ള കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

കോയമ്പത്തൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജി.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള വില്ലയാണിത്. വീട്ടില്‍ നിന്നു കാണാതായ സുര്‍ജ നാലു മാസം മുന്‍പാണു സ്വകാര്യ ഏജന്‍സി വഴി കസ്തൂരിയെ ശുശ്രൂഷിക്കാനായി ജോലിക്കെത്തിയത്. വീടിന്റെ പരിസരത്തു നിന്നു സുര്‍ജയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മതില്‍ ചാടിക്കടക്കുന്നതിനിടെ വീണുപോയതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

വില്ലയിലെ സിസിടിവി ദൃശ്യങ്ങളില്‍ രാത്രി 12.20ന് മൂന്നു യുവാക്കള്‍ മതില്‍ ചാടിക്കടക്കുന്നതും സുര്‍ജ അവര്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നതും പതിഞ്ഞിട്ടുണ്ട്. 12.56നു സുര്‍ജയും ഇവര്‍ക്കൊപ്പം ബാഗുമായി മതില്‍ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളും ഉണ്ട്. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സുശീലയാണു (ദുബായ്) മറ്റൊരു മകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page