ടി20 ലോകകപ്പ്: സഞ്ജുവിന്റെ മികവില്‍ ഫൈനലിലെത്തി ടീം ഇന്ത്യ; സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം

മുംബൈ: ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ഫൈനലിലെത്തി ടീം ഇന്ത്യ. കഴിഞ്ഞ തവണയും സഞ്ജുവായിരുന്നു ഇന്ത്യയുടെ വിജയത്തിന് കരുത്തേകിയത്. ഇതോടെ സഞ്ജുവിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.

കഴിഞ്ഞദിവസം വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന സെമിഫൈനലില്‍ 89 റണ്‍സ് എടുത്ത സഞ്ജുവിന്റെ തുടര്‍ച്ചയായ അര്‍ദ്ധസെഞ്ച്വറിയാണിത്. മത്സരത്തില്‍ ഇംഗ്ലണ്ടിന് ടോസ് വീണപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിച്ചു. രണ്ടാമത് ബോള്‍ ചെയ്യുന്നത് ദുഷ്‌കരമായ വാങ്കഡെയിലെ പിച്ചില്‍ സ്‌കോര്‍ ഡിഫന്‍സ് ചെയ്യുക എന്നത് കഠിനമാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടതോടെയാണ് കളിക്കാര്‍ക്ക് സമാധാനമായത്.

ആദ്യം ബാറ്റു ചെയ്യുമ്പോള്‍ ഒരു വമ്പന്‍ ടോട്ടല്‍ ഉയര്‍ത്തിയാല്‍ മാത്രമേ ജയപ്രതീക്ഷയുള്ളൂ എന്ന് ഇന്ത്യയ്ക്ക് അറിയാമായിരുന്നു. 200 റണ്‍സു പോലും ഡിഫന്‍ഡ് ചെയ്യാന്‍ വിഷമിക്കുന്ന പിച്ചില്‍ 250നു മുകളില്‍ അടിച്ച് ഇന്ത്യ ആരാധകരുടെ പ്രതീക്ഷ കാത്തു.

എന്നാല്‍ ഇംഗ്ലണ്ടും അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ഫൈനല്‍ പ്രതീക്ഷ അവസാനിക്കുമോ എന്ന് ആരാധകര്‍ ഒരുനിമിഷം ചിന്തിച്ചുപോയി. ജേക്കബ് ബെതേലിന്റെ സെഞ്ച്വറി കൂടി ആയതോടെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ അവസാനിച്ചു. എന്നാല്‍ ലക്ഷ്യബോധത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ വിജയലക്ഷ്യത്തിന് ഏഴു റണ്‍സകലെ ഇംഗ്ലീഷ് പടയെ മുട്ടുകുത്തിച്ചു. ട്വന്റി20 ലോകകപ്പില്‍ നാലാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും. ഇതിന് മുന്‍പ് പാക്കിസ്ഥാനും (2007, 2009) ശ്രീലങ്കയും (2012, 2014) മാത്രമാണ് തുടര്‍ച്ചയായി രണ്ടു തവണ ഫൈനല്‍ കളിച്ചിട്ടുള്ളത്. ഞായറാഴ്ച അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

വമ്പന്‍ ടോട്ടല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ക്രീസിലെത്തിയത്. ആദ്യ ഓവറില്‍ തന്നെ ജോഫ്ര അര്‍ച്ചര്‍ക്കെതിരെ ഒരു ഫോറു സിക്‌സും സഹിതം 11 റണ്‍സടിച്ച് സഞ്ജു തുടക്കം കുറിച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ അഭിഷേകിനെ വില്‍ ജാക്‌സ് വീഴ്ത്തി. ഒരിക്കല്‍ കൂടി ഓഫ് സ്പിന്നിനു മുന്നില്‍ അഭിഷേക് കറങ്ങിവീണു; പവര്‍പ്ലേയില്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് ഓപ്പണറെ നഷ്ടമാകുകയും ചെയ്തു.

എങ്കിലും മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് സഞ്ജു ഫോമിലെത്തി. ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. അഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 1ന് 67 എന്ന നിലയിലായിരുന്നു ഇന്ത്യ. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടാം ഓവറില്‍, സഞ്ജുവിന്റെ സ്‌കോര്‍ 15 റണ്‍സില്‍ നില്‍ക്കെ താരം നല്‍കിയ ക്യാച്ച് കൈവിട്ടത് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

എട്ടാം ഓവറില്‍ ലിയാം ഡോസണെ സിക്‌സറിന് തൂക്കി സഞ്ജു ട്വന്റി20 ലോകകപ്പില്‍ തന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറി തികച്ചു. 26 പന്തിലായിരുന്നു നേട്ടം. ഇതിനു പിന്നാലെ ഇന്ത്യന്‍ സ്‌കോര്‍ നൂറും കടന്നു. പത്താം ഓവറില്‍ ഇഷാന്‍ പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ സഞ്ജു – ഇഷാന്‍ സഖ്യം 97 റണ്‍സ് അടിച്ചെടുത്തിരുന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ് ആണിത്. 2007 ലോകകപ്പ് സെമിയില്‍ യുവരാജ് -ഉത്തപ്പ സഖ്യത്തിന്റെ 84 റണ്‍സായിരുന്നു ഇതുവരെയുള്ള ടോപ്.

പിന്നീട് ക്രീസിലെത്തിയത് നാലാമനായി പ്രമോഷന്‍ കിട്ടിഷ ശിവം ദുബെയാണ്. കിട്ടിയ ചാന്‍സ് കളയാതെ ഇരുവരും റണ്‍സുകള്‍ വാരിക്കൂട്ടി. സെഞ്ച്വറിയിലേക്ക് കുതിച്ച സഞ്ജുവിനെ 14ാം ഓവറില്‍ വില്‍ ജാക്‌സ് പറഞ്ഞുവിട്ടു. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 160ല്‍ എത്തിയിരുന്നു. പിന്നാലെയെത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഒരു സിക്‌സടിച്ചെങ്കിലും ആദില്‍ റഷീദിന്റെ പന്തില്‍ ജോസ് ബട്ലര്‍ സൂര്യയെ സ്റ്റംപ് ചെയ്തു. പിന്നീടെത്തിയ ഹാര്‍ദിക്കിനൊപ്പം ദുബെ കളി തുടര്‍ന്നതോടെ 17ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു.

പതിനെട്ടാം ഓവറില്‍ ദുബെ റണ്ണൗട്ടായതോടെ ഏഴാമനായി തിലക് വര്‍മ ക്രീസിലെത്തി. 19ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറിനെ മൂന്നു തവണ സിക്‌സര്‍ പറത്തി തിലക്, തന്റെ ‘ഫിനിഷിങ് കാമിയോ’ റോള്‍ ഗംഭീരമാക്കി. ആര്‍ച്ചറിനു മുന്നില്‍ തന്നെ തിലക് വീണെങ്കിലും അവസാന ഓവറില്‍ രണ്ടു സിക്‌സര്‍ പറത്തി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടോട്ടല്‍ 250 കടത്തി. ഇന്ത്യ ഏഴു റണ്‍സിന് വിജയിച്ച മത്സരത്തില്‍, അവസാന ഓവറില്‍ നേടിയ 16 റണ്‍സ് നിര്‍ണായകമായി.

ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടോട്ടലാണ് ഇന്ത്യ അടിച്ചെടുത്തത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തേതും. സൂപ്പര്‍ 8ല്‍ സിംബാബ്വെയ്‌ക്കെതിരെ നേടിയ 256 ആണ് ഇന്ത്യയുടെ ഉയര്‍ന്ന ടോട്ടല്‍. 19 സിക്‌സും 18 ഫോറുകളുമടക്കം 37 ബൗണ്ടറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page