പൂര്‍ണചന്ദ്രനെപ്പോലെ തെളിമയുള്ള കളി; ഷോട്ടുകളെല്ലാം അത്ഭുതപ്പെടുത്തുന്നത്; സഞ്ജു സാംസണിനെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍

മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ കരുത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. പിന്നാലെയാണ് പ്രശംസയുമായി ഗവാസ്‌കര്‍ രംഗത്തെത്തുന്നത്.

‘സഞ്ജു ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ തോന്നും അദ്ദേഹം മറ്റേതോ ലോകത്താണെന്ന്. അത്രയും വ്യക്തമായിട്ടാണ് ഓരോ പന്തുകളും അദ്ദേഹത്തിന് കാണാന്‍ കഴിയുന്നത്, പൂര്‍ണചന്ദ്രനെപ്പോലെ തെളിമയുള്ള കളി കളിച്ച ഷോട്ടുകളെല്ലാം ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡ്രൈവും കട്ട് ഷോട്ടും പുള്‍ ഷോട്ടുമൊക്കെ ഒന്നിനൊന്ന് മെച്ചം. ശരിക്കുമൊരു ബാറ്റിംഗ് വിരുന്ന് തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.

ട്വന്റി-20 ക്രിക്കറ്റില്‍ ഇത്രയും ശുദ്ധമായ ബാറ്റിംഗ് അധികം കാണാന്‍ കഴിയില്ല. പന്ത് എങ്ങനെയെങ്കിലും അടിച്ചു പറത്താനുള്ള ശ്രമങ്ങളാണ് അവിടെ പലപ്പോഴും നടക്കാറുള്ളത്. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ അനാവശ്യ ഷോട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. കൊല്‍ക്കത്തയില്‍ കണ്ട മികവ് വാംഖഡയിലും ആവര്‍ത്തിച്ചു- സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.

സെമിയില്‍ 42 പന്തില്‍ നിന്ന് 89 റണ്‍സെടുത്താണ് സഞ്ജു ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 15 റണ്‍സില്‍ സഞ്ജുവിനെ പുറത്താക്കിയിരുന്നെങ്കില്‍ ഇന്ത്യ ഫൈനലില്‍ എത്തില്ലായിരുന്നു. സഞ്ജുവിന്റെ ക്യാച്ച് ഹാരി ബ്രൂക്ക് വിട്ടുകളഞ്ഞതാണ് വിജയത്തിനിട നല്‍കിയത്.
സൂപ്പര്‍ 8 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റണ്‍സിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റ് വീശിയ സഞ്ജു, ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറിലേക്കാണ് ഇന്ത്യയെ എത്തിച്ചത്.

അടുത്തിടെ മോശം പ്രകടനത്തിന് സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. മലയാളി ആരാധകരും സഞ്ജുവിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സൂപ്പര്‍ ഫോമിലെത്തി താരം എല്ലാവരേയും ഞെട്ടിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page