വിശാഖപട്ടണത്ത് സൈനിക അഭ്യാസത്തില്‍ പങ്കെടുത്ത രണ്ടാമത്തെ ഇറാനിയന്‍ കപ്പല്‍ നങ്കൂരമിടാന്‍ ശ്രീലങ്കയോട് അനുമതി തേടി

കൊളംബോ: വിശാഖപട്ടണത്ത് കഴിഞ്ഞദിവസം നടന്ന സൈനിക അഭ്യാസത്തില്‍ പങ്കെടുത്ത ഇറാന്റെ രണ്ടാമത്തെ സൈനിക കപ്പല്‍ അമേരിക്കന്‍ അക്രമ ഭീഷണിയെ തുടര്‍ന്ന് ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടി. ശ്രീലങ്കന്‍ വാര്‍ത്താവിതരണ മന്ത്രി നളിന്ദ ജയതിസ്സയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞദിവസം വിശാഖ പട്ടണത്തില്‍ നിന്ന് മടങ്ങിയ മറ്റൊരു ഇറാനിയന്‍ യുദ്ധക്കപ്പല്‍ യുഎസ് അന്തര്‍വാഹിനി തകര്‍ത്തിരുന്നു. അപകടത്തില്‍ 87 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ഇറാനിയന്‍ യുദ്ധക്കപ്പല്‍ കൂടി ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിയിലേക്ക് നീങ്ങുന്ന വിവരം പുറത്തുവന്നത്.

ദ്വീപിന്റെ ജലാതിര്‍ത്തിയില്‍ സുരക്ഷിതമായി പ്രവേശിക്കാനുള്ള ഇറാനിയന്‍ അഭ്യര്‍ത്ഥനയ്ക്ക് എന്ത് മറുപടി നല്‍കണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇറാനിയന്‍ കപ്പലിന് നങ്കൂരമിടാന്‍ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരായുന്നു.

ഇന്നലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ 32 ഇറാനിയന്‍ പൗരന്മാര്‍ ഇപ്പോഴും കര്‍ശന സുരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കാണാതായ ഇറാനിയന്‍ നാവികര്‍ക്കായി ശ്രീലങ്കന്‍ നാവിക കപ്പലുകള്‍ തിരച്ചില്‍ തുടരുകയാണെന്ന് നാവികസേന വക്താവ് ബുദ്ധിക സമ്പത്ത് എഎഫ്പിയോട് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ചതിനു പിന്നാലെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ഇറാന്‍ ആക്രമിച്ചു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിസൈല്‍ ആക്രമണത്തിന് ഇരയായി കപ്പലില്‍ തീപിടിച്ചെന്ന് ഇറാന്റെ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണം നടന്നത്.

കുവൈത്ത് തീരത്ത് മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെ ചരക്കു കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്.

ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page