പാലക്കാട്ടെ സിപിഎം വിമതര്‍ ഉശിരുള്ള വിപ്ലവകാരികള്‍; വിമത കണ്‍വെന്‍ഷന്‍ പികെ ശശി ഉദ്ഘാടനം ചെയ്തു

പാലക്കാട്: മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായിരുന്ന സിപിഎം നേതാവ് പികെ ശശി പാലക്കാട് ഇന്ന് നടന്ന സിപിഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഈ കണ്‍വെന്‍ഷന്‍ വിമത കണ്‍വെന്‍ഷന്‍ അല്ലെന്നും ഉയിര് പണയം വയ്ക്കാത്ത ഉശിരുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സിപിഎം ബന്ധം ഉപേക്ഷിച്ചെത്തിയ ശശിയെ സ്വീകരിച്ചത്.

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശശി കണ്‍വെന്‍ഷനില്‍ ഉയര്‍ത്തിയത്. പാര്‍ട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നത് മദ്യപാന സദസ്സില്‍ ആണെന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ശശി പരിഹസിച്ചു. തങ്ങളെ ഈ നിലയില്‍ എത്തിച്ചത് പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള നിലപാടുകളാണെന്നു ശശി പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെയും ശശി ആഞ്ഞടിച്ചു. സ്പിരിറ്റ് കച്ചവടക്കാരനാണ് സുരേഷ് ബാബുവെന്ന് ശശി അപലപിച്ചു. പാര്‍ട്ടിയില്‍ ഇപ്പോള്‍ സ്പിരിറ്റ് കച്ചവടക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷനിലേക്ക് മണ്ണാര്‍ക്കാട്, ചിറ്റൂര്‍, വടക്കഞ്ചേരി മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. പാര്‍ട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. വിമത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പിന്തുണയോടെ പികെ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി പികെ ശശി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് – മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചിരുന്നു. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page