പൈല്‍സ് ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് ഉണങ്ങിയില്ല; അവധി നീട്ടാന്‍ മേലുദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍ തെളിവ് ചോദിച്ചു; പാന്റ്‌സ് ഊരി തെളിവ് നല്‍കി ജീവനക്കാരന്‍

ലഖ്നൗ: പൈല്‍സ് ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ലീവ് നീട്ടാന്‍ മേലുദ്യോഗസ്ഥനെ സമീപിച്ച ജീവനക്കാരനോട് തെളിവ് ആവശ്യപ്പെട്ട മേലുദ്യോഗസ്ഥനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. തെളിവ് ആവശ്യപ്പെട്ട മേലുദ്യോഗസ്ഥന് മുന്നില്‍ കീഴ് ജീവനക്കാരന്‍ പാന്റസ്് ഊരി കാണിച്ചു. ഇതോടെ അപേക്ഷ ബോധ്യപ്പെട്ട മേലുദ്യോഗസ്ഥന്‍ കീഴ് ജീവനക്കാരന് ലീവ് അനുവദിച്ചെന്ന് പറയുന്നു.

സംഭവം ഉത്തര്‍പ്രദേശില്‍ വിവാദമായിരിക്കുകയാണ്. ലഖ്നൗ റെയില്‍ ഡിവിഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനാണ് ലോക്കോ പൈലറ്റ് പാന്റ് ഊരി തെളിവ് കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. പിന്നാലെ റെയില്‍വേ ജീവനക്കാരുടെ യൂണിയന്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തെ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്‍ അപലപിച്ചു. യൂണിയന്‍ ഇടപെടലിനെ തുടര്‍ന്ന് ജീവനക്കാരന് പിന്നീട് അവധി അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോക്കോ പൈലറ്റ് രാജേഷ് മീനയാണ് മെഡിക്കല്‍ ലീവിന് അപേക്ഷിച്ചത്. അടുത്തിടെ അദ്ദേഹത്തിന് പൈല്‍സിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ലഖ്നൗവില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയുടെ ആവശ്യത്തിനായി ഫെബ്രുവരി 22 മുതല്‍ 28 വരെ മീനയ്ക്ക് അവധി അനുവദിച്ചിരുന്നു. എന്നാല്‍ രാജേഷ് മീനയെ പരിശോധിച്ച റെയില്‍വേ ഹെല്‍ത്ത് യൂണിറ്റിലെ ഡോക്ടര്‍മാര്‍ മുറിവുകള്‍ ഉണങ്ങാത്തതിനാല്‍ കൂടുതല്‍ അവധി എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജേഷ് മെഡിക്കല്‍ ലീവ് നീട്ടാനുള്ള അനുമതി തേടി ചീഫ് ക്രൂ കണ്‍ട്രോളര്‍ രത്തന്‍ കുമാറിനെ സമീപിച്ചത്.

അപേക്ഷയോടൊപ്പം മെഡിക്കല്‍ രേഖകള്‍, കുറിപ്പടികള്‍, ചികിത്സയ്ക്ക് ഉപയോഗിച്ച ബാന്‍ഡേജുകള്‍ എന്നിവയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അവധി നല്‍കാന്‍ വിസമ്മതിച്ച രത്തന്‍ കുമാര്‍ മുറിവ് ഉണങ്ങാത്തതിന് തെളിവ് ചോദിച്ചു. ഇതോടെയാണ് നിയന്ത്രണം വിട്ട രാജേഷ് മീന ഉണങ്ങാത്ത മുറിവിന്റെ തെളിവ് നല്‍കാന്‍ പാന്റ് ഊരി കാണിച്ചതെന്ന് യൂണിയന്‍ നേതാക്കന്‍മാര്‍ പറയുന്നു. വീഡിയോ വൈറലായെങ്കിലും മേലുദ്യോഗസ്ഥനെതിരെ റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് അറിയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page