ആറ്റുകാലെത്തി പൊങ്കാല അര്‍പ്പിച്ചത് ശുദ്ധമായ ഭക്തിയോടെ; തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് നടി അന്ന രാജന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ വൈകാരിക പ്രതികരണവുമായി നടി അന്ന രാജന്‍. സമൂഹ മാധ്യങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അന്നാ രാജന്‍ ഭക്തരോട് ക്ഷമ ചോദിച്ചത്. ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാലെത്തി പൊങ്കാല അര്‍പ്പിച്ചത്. തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു. കൈ കൂപ്പിയും കണ്ണ് നിറഞ്ഞുമാണ് താനിത് എഴുതുന്നതെന്ന ആമുഖത്തോടെയായിരുന്നു നടിയുടെ പ്രതികരണം.

പൊങ്കാല ചടങ്ങില്‍ നിന്നുള്ള അന്നയുടെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ താരത്തിന്റെ വസ്ത്രധാരണം അടക്കം ചര്‍ച്ചയായിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തില്‍ വിവിധ ആങ്കിളുകളില്‍ നിന്നുള്ള നടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് യൂട്യൂബേഴ്‌സ് പകര്‍ത്തിയത്. സ്വന്തം ബ്രാന്റില്‍ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. സാരിയുടെ പരസ്യത്തിനാണ് അന്ന പൊങ്കാല അര്‍പ്പിക്കാനെത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

യൂട്യൂബ് ചാനലുകളില്‍ നിറയെ അന്നയുടെ വിഡിയോയായിരുന്നു. നടി മനഃപൂര്‍വം യൂട്യൂബേഴ്‌സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും സൂക്ഷിക്കേണ്ടത് സ്വന്തം കടമയായിരുന്നു. പൊങ്കാല അര്‍പ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാന്‍ വേണ്ടിയാണ് അന്ന ആറ്റുകാല്‍ എത്തിയത് എന്നതരത്തിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അന്നയുടെ പോസ്റ്റ്

കൈകൂപ്പി, കണ്ണുനീരോടെ,

ആറ്റുകാല്‍ അമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ ആദ്യമായി പൊങ്കാല അര്‍പ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടില്‍ നിന്നുകൊണ്ട്, വിറകടുപ്പില്‍ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.
ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വിഡിയോകളും ക്ലിപ്പുകളും പകര്‍ത്തി പങ്കുവയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉള്‍പ്പെടെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കില്‍ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസില്‍ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയപൂര്‍വം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം.

ആ സത്യം മതി എനിക്ക്. എപ്പോഴും ഞാന്‍ ആറ്റുകാല്‍ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളില്‍ സമര്‍പ്പിച്ചുകൊണ്ട്.’ അന്ന രാജന്റെ വാക്കുകള്‍. നടിയുടെ വിശദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page