ജി സുധാകരന്‍ സിപിഎം ബന്ധം അവസാനിപ്പിക്കുന്നുവോ? ചര്‍ചയായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍ പാര്‍ട്ടി വിടുന്നതായി അഭ്യൂഹം. സുധാകരന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്. വസ്തുത അറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയാറായില്ല. നാളെ മാധ്യമങ്ങളോട് സംസാരിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജൂബിലി നവപ്രഭ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ഇത്തവണ അദ്ദേഹം സിപിഎം അംഗത്വം പുതുക്കിയിട്ടില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് അദ്ദേഹത്തിന്റെ അംഗത്വം. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം സാധാരണ അംഗമായുള്ള പ്രവര്‍ത്തനത്തെപ്പറ്റി നേതാക്കള്‍ തന്നോട് അന്വേഷിച്ചില്ല, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ കളിയാക്കി ചിരിച്ചു, തുടങ്ങി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് ജി സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സുധാകരന്റെ തുടര്‍ നീക്കം നിരീക്ഷിച്ച് പാര്‍ട്ടിയിലെടുക്കാന്‍ കോണ്‍ഗ്രസും ഉറ്റുനോക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം തന്നെ സുധാകരനുമായി ചര്‍ച്ച നടത്തിയതായുള്ള സൂചനയും പുറത്തുവരുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല.

63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല.

എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു, അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍ പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു.

അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. നന്ദി..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page