വെസ്റ്റിന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് നേരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം

കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച മയാളി താരം സഞ്ജു സാംസന് നേരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം. പിന്നാലെ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സഞ്ജുവിന്റെ ചിത്രത്തോടൊപ്പം ‘കറുത്ത ശക്തികളെ തോല്‍പ്പിക്കാന്‍ കറുത്ത ശക്തികള്‍ക്ക് കഴിയും! നന്നായി കളിച്ചു സഞ്ജു സാംസണ്‍’ എന്ന അടിക്കുറിപ്പോടെ എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് വിവാദത്തിന് ഇടയാക്കിയത്.

കേരളത്തിന്റെ അഭിമാന താരത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് കോണ്‍ഗ്രസിന്റെ കേരള ഘടകം ആവശ്യപ്പെട്ടു. ‘ഇത്തരത്തിലുള്ള നീചമായ വംശീയതയ്ക്ക് ഇന്ത്യയില്‍ ഒട്ടും സ്ഥാനമില്ല. കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണെ ലക്ഷ്യം വച്ച് ഇത്രയും അറപ്പുളവാക്കുന്ന കമന്റിട്ട അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെടുന്നു’- കോണ്‍ഗ്രസ് കേരള എക്‌സില്‍ കുറിച്ചു.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിനെ അഭിനന്ദിച്ചും ഇന്നിങ്‌സിനെ വാഴ്ത്തിയും ഒരുപാടുപേരാണ് മുന്നോട്ടുവന്നത്. അതിനിടെയാണ് താരത്തിന് നേരെയുള്ള അധിക്ഷേപ പരാമര്‍ശം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കാണികളെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു സഞ്ജുവിന്റേത്.

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് സഞ്ജുവിനെ ഓപ്പണറായി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിച്ചത്. ഇന്ത്യയുടെ പതറുന്ന ടോപ്പ് ഓര്‍ഡറിലെ ഇടംകയ്യന്‍ ബാറ്റിങ് രീതിക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഞായറാഴ്ച, വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 196 എന്ന വലിയ ലക്ഷ്യം 12 ഫോറുകളും 4 സിക്‌സറുകളും സഹിതം 50 പന്തില്‍ നിന്ന് 97 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page