കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് പേരാവൂരില്‍ യുഡിഎഫിന്റെ ശൈലജയുടെ എതിരാളി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗീകരിച്ചു. 2021 ല്‍ മട്ടന്നൂരില്‍ മത്സരിച്ച് സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ച ശൈലജയുടെ മൂന്നാം അങ്കമാണ് ഇത്. പേരാവൂര്‍ യുഡിഎഫിന്റെ കോട്ടയാണ്. മട്ടന്നൂരില്‍ ശൈലജയ്ക്ക് സിപിഎം സീറ്റ് നിഷേധിക്കുകയായിരുന്നു.
വിജയ പ്രതീക്ഷയുള്ള മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിന് പകരം കെകെ ശൈലജയ്ക്ക് പേരാവൂര്‍ നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാവാണ് കെകെ ശൈലജ. പേരാവൂരില്‍ നിന്ന് മത്സരിച്ച് വിജയിക്കാനാണ് ശൈലജയ്ക്ക് സിപിഎം നേതാക്കളുടെ നിര്‍ദേശം.
രണ്ടു വനിതകളാണ് കണ്ണൂരില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള തളിപ്പറമ്പില്‍ മത്സരിക്കും. ജില്ലാ കമ്മിറ്റി അംഗമായ ശ്യാമളയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലം നല്‍കിയപ്പോള്‍ കെകെ ശൈലജയ്ക്ക് പേരാവൂര്‍ നല്‍കിയതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.







