അന്തസ്സും ആത്മാഭിമാനവും സ്ത്രീക്ക് മാത്രമല്ല പുരുഷനുമുണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ കോടതിയുടെ അനുമതി

കൊച്ചി: ആദ്യ ഭര്‍ത്താവുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ ഹൈക്കോടതിയുടെ അനുമതി. ഇതുസംബന്ധിച്ച് യുവതി നല്‍കിയ ഹര്‍ജിയില്‍ കോടതി അനുകൂല ഉത്തരവിടുകയായിരുന്നു. അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന്, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.
ദാമ്പത്യ വിശ്വാസ്യതയ്ക്ക് വലിയ സാമൂഹികമൂല്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍. ആദ്യ വിവാഹബന്ധം നിലനില്‍ക്കെ 2017 ല്‍ പിറന്ന പെണ്‍കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ആറുവര്‍ഷത്തോളം കുട്ടിയുടെ പിതാവ് താനാണെന്ന വിശ്വാസത്തിലായിരുന്നു ആദ്യഭര്‍ത്താവ്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് 2023 ല്‍ ആണ് ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായത്. തുടര്‍ന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു.

ആദ്യ ഭര്‍ത്താവിനെ അറിയിക്കാതെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പേരുവെട്ടി രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായാണ് യുവതി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി ആദ്യ ഭര്‍ത്താവിനെയും കക്ഷിയാക്കാന്‍ നിര്‍ദേശിച്ചു. ആറുവര്‍ഷത്തോളം തന്റെ കുട്ടിയാണെന്നു കരുതി പിതാവിന്റെ സ്‌നേഹവും ലാളനയും നല്‍കി വളര്‍ത്തിയ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പേരുമാറ്റാന്‍ എതിര്‍പ്പില്ലെന്ന് ആദ്യ ഭര്‍ത്താവും അറിയിച്ചു. ആദ്യ ഭര്‍ത്താവിന്റെ മാന്യമായ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കുന്നതെന്ന് കോടതി അറിയിച്ചു.
ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റാന്‍ ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ ആവശ്യമാണ്. അല്ലെങ്കില്‍ കോടതിയുടെ ഉത്തരവ് വേണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page