മംഗ്‌ളൂരു : ഉള്ളാള്‍ പള്ളിക്ക് സമീപം ബോംബ് വച്ചിട്ടുണ്ടെന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ബെജ്ജയില്‍ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ ഫോട്ടോ ഉള്ള ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രകോപനപരമായ കമന്റ് പോസ്റ്റ് ചെയ്തത്. ‘ശങ്കര്‍ 11916’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് പ്രകോപനപരമായ സന്ദേശം പോസ്റ്റു ചെയ്തതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.’സപ്പോര്‍ട്ട് മാഡി ബ്രോ ഉള്ളാള്‍ മസ്ജിദ് ഹത്ര ബോംബ് ബ്ലാസ്റ്റ് മാഡിന് ‘(എന്നെ പിന്തുണയ്ക്കു സഹോദരാ ഉള്ളാള്‍ പള്ളിക്ക് സമീപം ഞാന്‍ ഒരു ബോംബു സ്‌ഫോടനം നടത്തും) എന്നാണ് പോസ്റ്റില്‍ പറയുന്നത്. പോസ്റ്റ് വൈറലാകുകയും ചെയ്തു. ഇക്കാര്യം
ഉള്ളാള്‍ പൊലീസിലെ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സന്തോഷ് ദൊഡ്മാനി എന്ന ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.
വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് അക്രമത്തിനു പ്രേരിപ്പിക്കുക, ആള്‍ക്കാരെ പ്രകോപിതരാക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഉള്ളാള്‍ പൊലീസ് കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ ആവശ്യപ്പെട്ടു.







