ആറ്റുകാല്‍ പൊങ്കാല: ദേവിക്ക് നിവേദ്യവുമായി ഭക്തലക്ഷങ്ങള്‍; തിരുവനന്തപുരം യാഗശാലയായി

തിരുവനന്തപുരം : രാവിലെ നടന്ന ആറ്റുകാല്‍ പൊങ്കാലയില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. തിരുവനന്തപുരം സിറ്റിയും സമീപ പ്രദേശങ്ങളും പൊങ്കാല സമര്‍പ്പണ വേദിയായി മാറിയിരുന്നു.

വഴിയോരങ്ങളെല്ലാം പൊങ്കാല അടുപ്പുകളും പൊങ്കാല സമര്‍പ്പണവും ദേവി സ്‌തോത്രങ്ങളും കൊണ്ട് നിറഞ്ഞു. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടന്നു. പൊങ്കാലയില്‍ പങ്കെടുക്കുന്നതിന് നാടിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇന്നലെ മുതലെ തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ തന്നെ തിരുവനന്തപുരവും പരിസര പ്രദേശങ്ങളും സ്ത്രീകളെ കൊണ്ട് നിറഞ്ഞു.

കണ്ണകീചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞപ്പോള്‍ തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍നിന്നു ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകര്‍ന്നു. തുടര്‍ന്ന് ദീപം സഹ മേല്‍ശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ജ്വലിപ്പിച്ചു. പണ്ടാര അടുപ്പില്‍നിന്നു പകര്‍ന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിച്ചതോടെ നഗരം യാഗശാലയായി.

2.15 ന് ഉച്ചപൂജയ്ക്കു ശേഷമാണു പൊങ്കാല നിവേദ്യം. 350 പൂജാരിമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴുമണി വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 10.45 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ബുധനാഴ്ച രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിറക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെയാണ് ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകുക.

പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി അധിക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തില്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയില്‍ പ്രാദേശിക അവധിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page