ബംഗ്ലാദേശില്‍ ശക്തമായ ഭൂചലനം; കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു; ആളുകള്‍ പുറത്തേക്കോടി

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 ഓടെ ധാക്കയില്‍ നിന്ന് 188 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ധാക്കയിലെ അഗര്‍ഗാവിലെ ബിഎംഡി സീസ്മിക് സെന്ററിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് യുഎസ്ജിഎസ് പറഞ്ഞു.

കൊല്‍ക്കത്തയുടെ പല ഭാഗങ്ങളിലും പശ്ചിമ ബംഗാളിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനം പ്രകടമായി. കെട്ടിടങ്ങള്‍ കുലുങ്ങിയതിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നും ഓഫീസ് കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. മുറിയിലെ സോഫയും ഫാനും കുലുങ്ങിയതായും മേശപ്പുറത്ത് വച്ചിരുന്ന സാധനങ്ങള്‍ താഴെ വീണതായും താമസക്കാര്‍ പറയുന്നു. 10 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം കൊല്‍ക്കത്തയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി.

സര്‍ക്കാര്‍ ഓഫീസുകള്‍, നിയമസഭാ മന്ദിരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പരിഭ്രാന്തരായി. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്‍നിര്‍ത്തി ജീവനക്കാര്‍ പുറത്തേക്ക് ഓടി മണിക്കൂറുകളോളം തെരുവുകളില്‍ തുടര്‍ന്നു. സാള്‍ട്ട് ലേക്ക് നഗരത്തിലെ ഐടി ഹബ്ബിലും കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിലുള്ള ബഹുനില കെട്ടിടങ്ങളിലും സമാനമായ സാഹചര്യമായിരുന്നു. ഭൂചലനത്തില്‍ ആള്‍നാശമോ, മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page