ക്ഷേത്ര പൂജയ്‌ക്കെത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ക്ഷേത്ര പൂജയ്‌ക്കെത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെ(45)യാണ് തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2019 നാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒന്‍പതാം ക്ലാസുകാരിയെ പൂജ നടത്താനായി അമ്മയാണ് ക്ഷേത്രത്തിലെ പൂജാരിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് കുട്ടിക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കാന്‍ പ്രത്യേക പൂജ നടത്തണമെന്നും പൂജാരി നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് പൂജാമുറിക്കുള്ളില്‍ കൊണ്ടുപോയി പല ദിവസങ്ങളിലായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

പൂജ നടത്തിയിട്ടും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാല്‍ അമ്മ അടുത്തുള്ള ഒരു മെന്റല്‍ എയ്ഡ് ക്യാമ്പില്‍ കുട്ടിയെ കൊണ്ടുപോയി. ചികിത്സയ്ക്കിടെ പീഡന വിവരം കുട്ടി ഡോക്ടറെ അറിയിക്കുകയായിരുന്നു. ഡോക്ടര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

കേസില്‍ ഈ മാസം 28 ന് കോടതി വിധി പറയും. മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ. എസ് അരുണ്‍, പി.ഹരിലാല്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ്, അഡ്വ. ബിന്ദു.വി.സി. എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page