പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയില്‍ നിന്ന് അധ്യാപകന്‍ സ്വര്‍ണവും പണവും കൈക്കലാക്കി; ചോദ്യം ചെയ്ത രക്ഷിതാക്കള്‍ക്കെതിരെ കള്ളക്കേസ്; പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍; പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകന്‍ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കിയതായി പരാതി. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. പരീക്ഷ എഴുതി തോല്‍പ്പിക്കാതിരിക്കണമെങ്കില്‍ പണവും സ്വര്‍ണവും നല്‍കണമെന്ന് അധ്യാപകന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. പരീക്ഷയില്‍ ജയിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ ദേഷ്യപ്പെടുമെന്ന് ഭയന്ന വിദ്യാര്‍ത്ഥി മാതാപിതാക്കളറിയാതെ വീട്ടില്‍ നിന്ന് 80 ഗ്രാം സ്വര്‍ണം എടുത്ത് പലതവണയായി അധ്യാപകന് കൊടുത്തു.

സ്വര്‍ണം കാണാതായത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ മകനോട് അന്വേഷിച്ചപ്പോള്‍ സംഭവം വിദ്യാര്‍ത്ഥി അവരോട് വിശദീകരിച്ചു. ഇതറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപകനോട് സ്വര്‍ണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപകനും ഭാര്യയും ചേര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും കള്ളക്കേസില്‍ കുടുക്കിയുമായിരുന്നു. ഇതില്‍ അസ്വസ്ഥരായ രക്ഷിതാക്കള്‍ അധ്യാപകന്റെ തട്ടിപ്പ് സിസിടിവിയിലൂടെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിനിടയില്‍ അധ്യാപകന്റെ ഭീഷണിയെ തുടര്‍ന്ന് വിദ്യാത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര നിലയിലായ വിദ്യാത്ഥി ചികിത്സയിലാണ്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അധ്യാപകനെതിരെ കേസെടുക്കുകയും ചെയ്തു. 80 ഗ്രാം സ്വര്‍ണത്തിന് പുറമെ പണവും കുട്ടിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളതായി പറയുന്നു.

കുട്ടിയെ അധ്യാപകന്‍ സ്‌കൂട്ടറില്‍ പല സ്ഥലങ്ങളിലും കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകന് സ്വര്‍ണവും പണവും കൈമാറുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page