കൊച്ചി: മന്ത്രി വീണ ജോര്‍ജ് ആക്രമിക്കപ്പെട്ടെന്ന സിപിഎം ആരോപണം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടെ കൈയിലെ മുറിവ് നേരത്തെ ഉള്ളതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് പ്രവര്‍ത്തകര്‍ പോയിട്ടില്ല. മന്ത്രിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് അപലപിച്ചു.
സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രി വീണാ ജോര്‍ജും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം. സ്പീക്കറെ കാണുന്നതിന് മുമ്പ് മന്ത്രിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. സ്പീക്കറുമായി സംസാരിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ തിരക്കഥയിലാണ് കോണ്‍ഗ്രസിന് നേരെയുള്ള സിപിഎമ്മിന്റെ ആരോപണമെന്നും സതീശന്‍ പറഞ്ഞു. നടന്നത് പിണറായിയും ഷംസീറും തമ്മിലുള്ള തിരക്കഥയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു.
സംഭവത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. മന്ത്രിയെ ആക്രമിച്ചു എന്നത് വ്യാജ പ്രചാരണമാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.







