മാണ്ഡ്യ: പ്രണയവിവാഹത്തിന് കൂട്ടുനിന്ന യുവാവിന്റെ കാല്‍പ്പാദം അടിച്ചൊടിച്ചു. കര്‍ണാടക മാണ്ഡ്യയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിനും മരുമകന്‍ നവീനുമാണ് മര്‍ദനമേറ്റത്. കാല്‍പ്പാദത്തില്‍ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാണ്ഡ്യക്കടുത്ത് ബൊമ്മലപുരയില്‍ കാമുകനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിക്ക് കൂട്ടുനിന്നതാണ് അക്രമത്തിന് കാരണം. പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് അക്രമിച്ചതെന്ന് പറയുന്നു.
പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെണ്‍കുട്ടിയുടെ സഹോദരന്‍ ഗിരീഷും ബന്ധു സഞ്ജുവും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. പിന്നാലെ സഞ്ജുവും പ്രകാശും തമ്മില്‍ വാക്കേറ്റവും നടന്നു.
അതിനുശേഷമാണ് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് പ്രകാശന്റെ കാല്‍പ്പാദം കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തത്. പ്രകാശ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഗിരീഷ്, സഞ്ജു, ഗണേഷ്, പുട്ടരാജു, പെണ്‍കുട്ടിയുടെ പിതാവ് നിങ്കണ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.







