ഭാര്യ മോഷണക്കുറ്റത്തിന് അറസ്റ്റിലായി; മനംനൊന്ത ഭര്‍ത്താവ് തീകൊളുത്തി ജീവനൊടുക്കി

കൊല്ലം: ഭാര്യയെ പൊലീസ് മോഷണക്കുറ്റത്തിന് അറസ്റ്റുചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ചികിത്സയ്ക്കിടെ മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര റഫീഖ് മന്‍സിലില്‍ റഫീഖാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് റഫീഖ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീ പടരുന്നതു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മുന്‍പും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഫെബ്രുവരി 16 നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചലില്‍ നിന്നു കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസില്‍ നിന്നു കുഞ്ഞിന്റെ മുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ കൊലുസ് മോഷ്ടിക്കുകയായിരുന്നു. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ബസിലുണ്ടായിരുന്ന യാത്രക്കാരെ ചോദ്യം ചെയ്തു.

സബീനയില്‍ സംശയം തോന്നിയ പൊലീസ് യുവതിയെ സ്റ്റേഷനില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണം കണ്ടെടുത്തു. സബീന മുന്‍പും സമാനമായ കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം അഞ്ചലില്‍ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ സബീനയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page