ജസീലയുടെ ആത്മഹത്യ: പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; സഹോദരന്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്നു മൊഴിയെടുത്തു

കാസര്‍കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആലംപാടി, നാല്‍ത്തടുക്കയിലെ നബീസത്ത് ജസീല (24) വെള്ളിയാഴ്ചയാണ് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി 15ന് ആണ് ജസീലയെ എലിവിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടുമക്കളുടെ മാതാവായിരുന്നു ജസീല. ബോവിക്കാനം, പൊവ്വലിലുള്ള ഭര്‍തൃവീട്ടിനു സമീപത്തെ വീട്ടില്‍ നിന്നു ഒന്‍പതര പവന്‍ സ്വര്‍ണ്ണം മോഷണം പോയിരുന്നതായി പറയുന്നു. മോഷണത്തിനു പിന്നില്‍ ജസീലയാണെന്നു കാണിച്ച് പ്രസ്തുത വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്ത പൊലീസ് ജസീലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. താന്‍ മോഷണം നടത്തിയിട്ടില്ലെന്നായിരുന്നു ജസീലയുടെ മൊഴി. ഇതിനു പിന്നാലെ പരാതി നല്‍കിയ ആളും ഭര്‍തൃവീട്ടുകാരും ജസീലയുടെ വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കിയെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന ജസീല സ്വന്തം വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ‘ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഞാന്‍ കുറേ അനുഭവിക്കുന്നുണ്ട്. എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല’-എന്നാണ് വീഡിയോയില്‍ പറയുന്നത്.
വീഡിയോ പുറത്തു വിട്ടതിനു ശേഷമാണ് ജസീല വിഷം കഴിച്ചത്. മരണം സംഭവിച്ചതോടെ സംഭവം വിവാദമായത്. ആത്മഹത്യ സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ജസീലയുടെ സഹോദരനില്‍ നിന്നു പൊലീസ് മൊഴിയെടുത്തു. മാതാപിതാക്കളില്‍ നിന്നു ഉടന്‍ മൊഴിയെടുത്ത ശേഷം ആരോപണ വിധേയരായ വീട്ടുകാരില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും മൊഴി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ജസീലയുടെ മരണമൊഴി മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. വീഡിയോയില്‍ പറയുന്ന കാര്യങ്ങളാണ് രഹസ്യ മൊഴിയിലും ഉള്ളതെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page